Saturday, May 21, 2016

തെരഞ്ഞെടുപ്പ്കാലത്തെ അമ്പെയ്ത്ത്

തലക്കെട്ട് വായിച്ചു പകച്ചു പോകേണ്ട നിങ്ങളുടെ യുവത്വം. ഇത് ആ അമ്പെയ്ത്തിനെ ഉദ്ദേശിച്ചല്ല. ഒളിഞ്ഞും തെളിഞ്ഞും എതിരാളിക്ക് നേരെ എയ്യുന്ന ഒളിയമ്പുകൾ അല്ലേയല്ല ഇവിടത്തെ ചർച്ചാ വിഷയം. ഇത് നല്ല ഒന്നാന്തരം 916 അമ്പെയ്ത്ത്. പിന്നെ ഇതൊരു മത്സര ഇനമായി  ആരും പ്രഖ്യാപിക്കാത്തതിനാൽ    ആർക്കും ഇതിൽ ഗപ്പൊന്നും കിട്ടിയതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. ഇവിടത്തെ  തെരെഞ്ഞെടുപ്പെന്നാൽ  ത്രിതലമോ നിയമസഭയോ ലോകസഭയോ അല്ല. പക്ഷെ അതിനെക്കാളൊക്കെ വാശിയും ആവേശവും കൊടികുത്തി വാഴുന്ന കോളേജ് യൂണിയൻ  തെരെഞ്ഞെടുപ്പുകളാണ്. അതും ഇപ്പോഴത്തെയല്ല, എന്നാൽ അത്ര പണ്ടത്തെയുമല്ല. ഇപ്പോഴത്തെ തലമുറ ക്ലാസ്മേറ്റസ് എന്ന സിനിമയിലൊക്കെ  കണ്ടു രസിച്ച തൊണ്ണൂറുകളിലെ കലാലയ തെരഞ്ഞെടുപ്പാണ് നമ്മുടെ  അമ്പെയ്ത്തിന്റെ അരങ്ങ്.

തൃശ്ശൂരിന്റെ ആൺ ഓൺലി കോളേജുകൾ

ഇന്നത്തെപ്പോലെയല്ല അന്നത്തെ കാര്യങ്ങൾ. (വല്യേ ബുദ്ധിമുട്ടാന്നേ!) ഇന്ന് കേരളത്തിൽ  ആൺകുട്ടികൾക്ക്  മാത്രമായുള്ള കോളേജുകൾ മഷിയിട്ടു നോക്കിയാൽ പോലും കണ്ടുപിടിക്കാൻ  പ്രയാസം. അന്നോ കേരളത്തിന്റെ  സകല  മുക്കിലും മൂലയിലും  എല്ലാ വില്ലത്തരങ്ങളുടെയും പര്യായമായി ഇഷ്ടം പോലെ ആൺ ഓൺലി കോളേജുകൾ തലയുയർത്തി നിന്നിരുന്നു . സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂരിൽ കലയിലും കായികത്തിലും കത്തി നിന്നിരുന്നത്  രണ്ട് ആൺ ഓൺലി കോളേജുകൾ. നഗരമധ്യത്തിൽ തന്നെയുള്ള സൈന്റ്റ്‌ തോമസ്‌ കോളേജ് എന്ന ആൺ ഓൺലി കോളേജും ഇരിഞ്ഞാലക്കുടയില്‍ ഉള്ള മറ്റൊരു ആൺ ഓൺലി കോളേജ് ആയ ക്രൈസ്റ്റ് കോളേജും. ആൺകുട്ടികൾ മാത്രമേയുള്ളൂ എങ്കിലും പെങ്കുട്ടികളുടെ കുത്തക ഇനമായ ഗ്രൂപ്പ്‌ ഡാൻസിൽ പോലും ഫസ്റ്റ് അടിക്കുന്ന പാരമ്പര്യമാണ് ക്രൈസ്റ്റ് കോളേജിന്.   സൈന്റ്റ്‌ തോമസിലെ എൻ സീ സീ പിള്ളാരുടെ അത്യുഗ്രൻ മാർച് കാണാൻ വേണ്ടി മാത്രം റിപ്പബ്ലിക്ദിന പരേഡ് കാണാൻ എത്തുന്നവരുണ്ടായിരുന്ന സുവർണകാലം. അക്കാലത്തെ തീപാറുന്ന തെരഞ്ഞെടുപ്പു രാഷ്ട്രീയവും ഈ രണ്ടു കോളെജുകൾക്ക്‌ സ്വന്തം. എങ്ങിനെ തീ പാറാതിരിക്കും, കത്തുന്ന വിപ്ലവ വീര്യത്തെ തണുപ്പിക്കാൻ പേരിനു പോലും അവിടെ ഒരു സഖിയില്ലല്ലോ.

നമ്മുടെ കഥയും നടക്കുന്നത് ഒരു തെരഞ്ഞെടുപ്പ് കാലത്താണ്. അല്ലെങ്കിൽ  അക്കാലത്തെ എല്ലാ കലാലയ തെരഞ്ഞെടുപ്പ് കാലത്തും നടക്കുന്ന ഒരു ആചാരമാണ്  ഇതും. സംഗതി നടക്കുന്നത് നേരത്തെ പറഞ്ഞ ഘടാഘടിയൻ ആൺ ഓൺലി കോളേജുകളിൽ ഒന്നായ തൃശൂർ സൈന്റ്റ്‌ തോമസ്‌ കോളേജിൽ. വേദിയാകുന്നത്‌ കാത്തലിക് സിറിയൻ ബാങ്കിനു മുന്നിലൂടെ നീളുന്ന കോളേജ് റോഡ്‌. അണിയറ സൈന്റ്റ്‌ തോമസ്‌ കോളേജിന്റെ സയൻസ് ബ്ലോക്ക്‌. കഥ തുടങ്ങുന്നതിനു മുൻപ് ഈ റോഡിനെയും റോഡിന് ഓരം ചേർന്നു നിൽക്കുന്ന സൈന്റ്റ്‌ തോമസ്സിലെ പ്രീ ഡിഗ്രി സയൻസ് ബാച്ചുകൾ ഉൾക്കൊള്ളുന്ന കെട്ടിടത്തെയും പറ്റി പറയാം. എൻട്രൻസ് ജ്വരം കത്തിക്കയറിത്തുടങ്ങിയ തൊണ്ണൂറുകളിൽ പ്രീ ഡിഗ്രി സയൻസ്  ബാച്ചുകൾ എന്നാൽ ഭാവി ഡോക്ടർമാരെയും എഞ്ചിനീയർമാരെയും പടച്ചു വിടുന്ന ഫാക്ടറികളാണ്. പ്രൊഫസർ ചോദ്യം ചോദിക്കാൻ ചിന്തിക്കുമ്പോഴേക്കും ഉത്തരം പറയുന്ന മിടുക്കന്മാരുടെ ലോകം. അതിനിടയിൽ മലയാളം മീഡിയത്തിൽ പഠിച്ച അറിവൊക്കെ പ്രീ ഡിഗ്രിക്ക് ആദ്യമായി ഇംഗ്ലീഷിൽ ക്ലാസുകൾ കേട്ടപ്പോൾ ചോർന്നുപോയ ഞങ്ങളെപ്പോലെ ചില ഹതഭാഗ്യരും. ക്രമഭംഗം ഊനഭംഗം എന്നത് തന്നെയാണ് മൈറ്റോസിസ്സും മിയോസിസ്സും എന്ന് മനസ്സിലാക്കാൻ കഴിയാത്ത മരമണ്ടന്മാർ.

മിടുക്കന്മാർ പഠിച്ചു മിടുക്കരായപ്പോൾ, ഞങ്ങളെപ്പോലുള്ള അമിടുക്കന്മാർ കളിച്ചു വളർന്നു, ആ കളികളിൽ ക്രിക്കറ്റും ഫുട്ബാളും മാത്രമല്ല രാഷ്ട്രീയവും വായിനോട്ടവും എല്ലാം ഉൾപ്പെട്ടിരുന്നു. മറ്റു കളികളുടെ കാര്യത്തിലെല്ലാം സ്വയംപര്യാപ്തത നേടിയ സൈന്റ്റ്‌ തോമസ്‌ കോളേജിന് വായിനോട്ടം എന്ന സുകുമാരകലയിൽ തിളങ്ങുന്ന കാര്യത്തിൽ പരസഹായം കൂടാതെ വയ്യ. അവിടെയാണ് നേരത്തെ പറഞ്ഞ റോഡ്‌ നായകനാകുന്നത്. റോഡിലൂടെ എന്നും രാവിലെയും വൈകീട്ടുമൊഴുകുന്ന സൈന്റ്റ്‌ മേരീസ് കോളേജിലെ സുന്ദരിക്കുട്ടികൾ നായികമാരാകുന്നതും. സൈന്റ്റ്‌ മേരീസ് കോളേജും സൈന്റ്റ്‌ തോമസ്‌ കോളേജും തമ്മിൽ ഒരു കല്ലെടുത്ത്‌ എറിഞ്ഞാൽ എത്തുന്ന ദൂരമേ ഉള്ളൂ. പക്ഷെ ഫേസ്ബുക്കും  വാട്ട്സ്ആപ്പും എന്തിന് ഒരു വാലന്റൈന്സ് ഡേ പോലും ഇല്ലാത്ത ആ പ്രണയകാലത്ത് ഈ സുന്ദരികൾ അങ്ങോട്ടും ഇങ്ങോട്ടും അലസഗമനം നോക്കി വെള്ളമിറക്കുക എന്നതിൽ കവിഞ്ഞുള്ള ഒരു കലാപരിപാടിക്കും സാധ്യതകൾ ഉണ്ടായിരുന്നില്ല. പിന്നെ ആകെയോരാശ്വാസം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വരുമ്പോളാണ്.

പച്ചപ്പാവാടക്ക് പത്തോട്ട്

അന്ന് ചുരിദാറുകൾ കേരളസ്ത്രീശരീരങ്ങളെ കീഴടിക്കിയിട്ടില്ല. പ്രീ ഡിഗ്രി സുന്ദരിമാർക്ക് പാവാടയും ബ്ലൌസുമാണ് വേഷം. ഡിഗ്രി തൊട്ടു മുകളിലേക്ക് സാരിയും. എല്ലാം പ്ലെയിൻ കളർ മാത്രം. സയൻസ് ബ്ലോക്കിലെ പ്രീഡിഗ്രി സുന്ദരന്മാർ ഒരിക്കലും സാരിക്കാരെ വക വെക്കാറില്ല. തരത്തിലേ കളിക്കാവൂ എന്ന നായകവാചകം അവർ അന്നേ മനസ്സിലാക്കി വച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ പ്രീഡിഗ്രി പാവടക്കാരികൾ തന്നെയാണ് അവരുടെ ഉന്നം. ഉന്നമെന്ന് വെറുതെ പറയുന്നതല്ല. തങ്ങൾക്കു അവരോടുള്ള ആരാധനയും പ്രണയവുമെല്ലാം പറയാൻ ഈ പ്രീഡിഗ്രി കാമുകന്മാരുടെ മുന്നിൽ  ഒരൊറ്റ വഴിയേ ഉള്ളൂ. ഉന്നത്തിന്റെ വഴി. പുരാണത്തിൽ  ആ മാർഗത്തെ മേഘസന്ദേശം എന്ന് വിളിച്ചു പോന്നിരുന്നു. ബട്ട്‌ ബ്ലഡി കൺട്രി മലയാളീസ് അതിനെ 'ആരോ' എന്ന് വിളിച്ചു. നമ്മുടെ സാക്ഷാൽ അർജുനൻ തൊട്ടു അനന്യ വരെയുള്ളവരുടെ നേട്ടങ്ങൾക്കു മുന്നിൽ കുതിച്ചു പാഞ്ഞ അതേ അമ്പു തന്നെ. പക്ഷെ പ്രണയമാണ് ലക്‌ഷ്യം എന്നതിനാൽ കാരിരുമ്പ് കൊണ്ടല്ല, വർണക്കടലാസുകൊണ്ടാണ് അവയുടെ നിർമതിയെന്നു മാത്രം. അപ്പന്റെ പൈസ കൊണ്ട് വാങ്ങിയ നോട്ട്പുസ്തകത്തിൽ  നിന്ന് പേജു കീറി ആരോ ഉണ്ടാക്കാനൊന്നും സൈന്റ്റ്‌ തോമസ്സിലെ ജൂനിയർ അങ്ങാടി മാപ്ലമാരെ കിട്ടില്ല. പോരാത്തതിന് അതിനു കളറും പോരാ. ആരോ നിർമാണത്തിന് അവർക്ക് എന്നും പ്രിയം നോട്ടീസുകളാണ്. അതും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നോട്ടീസുകൾ.

തെരഞ്ഞെടുപ്പ് നോട്ടീസുകൾ ഏതു പാർട്ടിക്കാര് തന്നാലും ഞങ്ങൾ പ്രീ ഡിഗ്രി സയൻസ് ബാച്ചിലെ അമിടുക്കന്മാർ സ്വീകരിക്കും.ഒരെണ്ണം പോരാ, കുറച്ചു കൂടുതൽ തന്നോളൂ ചേട്ടന്മാരേ എന്നതാണ് ഞങ്ങളുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റൊ. അക്കാലത്ത് സ്ഥാനാർഥികളെ പരിചയപ്പെടുത്തി ബുക്ക്‌ലെറ്റുകൾ ഇറക്കും. അതിനാണ് ആരോ നിർമാണമേഖലയിൽ ഏറ്റവും പ്രിയം. ആരോയിലേറി തന്റെ മുഖം സുന്ദരിമാരുടെ കയ്യിലെത്തുന്നതും സ്വപ്നം കണ്ടു തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികൾ വരെയുണ്ടായിരുന്നു അന്ന്. അങ്ങിനെ ഒരാളുടെ പടവും വിവരണവുമടങ്ങിയ ആരോ കിട്ടിയ ഒരു പ്രീഡിഗ്രി സുന്ദരി സ്പോട്ടിൽ തലകറങ്ങി വീണത് ആരോപുരാണത്തിൽ തങ്കലിപികളിൽ എഴുതപ്പെട്ടിട്ടുണ്ട്. എഡിറ്റർ സ്ഥാനത്തേക്ക് മത്സരിച്ച ആ സുന്ദരന്റെ മുഖം ഇഷ്ടപ്പെടാഞ്ഞിട്ടല്ല അവൾ കുഴഞ്ഞു വീണത്‌. തലച്ചോറ് കുത്തിക്കീറി ചോരയിൽ മുക്കിയിട്ടാണ് അവൻ തൂലിക പടവാളാക്കുന്നതെന്ന കലാലയ സ്പെഷ്യൽ തെരഞ്ഞെടുപ്പ് സാഹിത്യമാണ് അവന്റെ പ്രണയത്തെ പരാജയത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടത്‌.

പക്ഷെ ഇത്തരം പരാജയങ്ങൾ ഒന്നും കാമുകന്മാരെയൊ പ്രൊഫഷണൽ അമ്പെയ്ത്തുകാരെയോ തളർത്തിയില്ല. അവർ തെരഞ്ഞെടുപ്പു കാലത്ത് പരമാവധി  നോട്ടീസുകൾ ശേഖരിച്ചു, അവരുടെ സ്വപ്നകാമുകിമാരെ ലക്ഷ്യമാക്കി നിരന്തരം അമ്പെയ്തു. ഒരെണ്ണമെങ്കിലും അവളുടെ ദേഹത്ത് തട്ടുമെന്നും അതവൾ തുറന്നു നോക്കുമെന്നും അതോടെ തങ്ങളുടെ പ്രണയം പൂത്തുല്ലസ്സിക്കുമെന്നും അവർ വൃഥാ ആശിച്ചു. മികച്ച ഉന്നമുള്ളവർ എന്നും ലക്‌ഷ്യം കണ്ടു. വെറും വിരലുകളുടെ കരവിരുതിൽ ലക്‌ഷ്യം തേടി ആരോകൾ പറന്നു. കൂടുതൽ ശക്തി വേണമെന്ന് തോന്നിയവർ റബ്ബർ ബാൻഡ് ജനൽക്കമ്പികളിൽ കുറുകെ കെട്ടി ഞാണുകൾ ഉണ്ടാക്കി. ക്യാമ്പസ്‌ പ്രകടന പത്രികകൾ അമ്പു രൂപം പ്രാപിച്ചു കുതിച്ചു പാഞ്ഞു. തെരഞ്ഞെടുപ്പു സമയം കോളേജ് റോഡ്‌ ആരോപ്പൂക്കൾ വിരിച്ചിട്ട പരവതാനിയായി. കൊഴിഞ്ഞു വീണു കേഴുന്ന ആരോകളെ  ചവിട്ടി മെതിച്ചു സുന്ദരിമാർ കടന്നു പോയി. അവരുടെ പാദങ്ങൾ തന്റെ പ്രണയസ്വപ്നങ്ങളെ ഞെരിച്ചർത്തി കടന്നു പോയപ്പോൾ ഒരു എഡിറ്റർ സ്ഥാനാർഥി അവന്റെ മനസ്സിൽ  പറഞ്ഞു.

“Tread softly, because you tread on my dreams!”


മീനവിയൽ സൈന്റ്റ്‌ മേരീസിലെ കാന്റീനിൽ.

വട്ടം കൂടിയിരുന്നു ഡബിൾ കോള കുടിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രീ ഡിഗ്രി സംഘം. അപ്പോൾ കാന്റീനിലെക്ക് മന്ദം മന്ദം കടന്നു വരുന്ന ഒരു പാവാടക്കാരി. അതിസുന്ദരി, അതിന്റെ അഹങ്കാരം വേണ്ടുവോളം ഉണ്ട് താനും. അവളെക്കണ്ടതും മറ്റുള്ളവരോട് അവളെ ശ്രദ്ധിക്കാൻ പറയുന്ന ഒരു സംഘാംഗം. എന്താണ് കാര്യം എന്ന് അന്വേഷിക്കുന്ന മറ്റു  സംഘാംഗങ്ങൾ.

"കോളേജ് ബ്യൂട്ടിയാന്നാ അവളുടെ വിചാരം. അഹങ്കാരം കണ്ടില്ലേദിവസവും പതിനഞ്ചു ആരോ വീതം കിട്ടുന്നതിന്റെയാ"

ഡിം.


സഹപാഠികളിൽ നിന്ന് പിരിവെടുത്തും അമ്മാമ്മേടെ മുണ്ടുംപെട്ടീന്ന് മോഷിട്ച്ചും സ്വരൂപിക്കുന്ന നക്കാപ്പിച്ചയും ചേർത്തിട്ടു തികയാത്ത പൈസ പ്രസ്‌കാരനോട് കടം പറഞ്ഞും രാത്രിക്ക് രാത്രി മാറ്റർ ഉണ്ടാക്കി അച്ചടിച്ച്‌  എങ്ങിനെയെങ്കിലും നാല് വോട്ട് കിട്ടാൻ കൂടെയുള്ള കോന്തന്മാർക്ക് വിതരണം ചെയ്യുന്ന ബഹുവർണ നോട്ടീസുകൾ തങ്ങളറിയാതെ ഒരു മിസ്സ്‌ ക്യാമ്പസ്‌ തെരഞ്ഞെടുപ്പിന് കൂടി കാരണമായി ഭവിക്കുന്നുണ്ടെന്ന് പാവം സ്ഥാനാർഥികളുണ്ടോ അറിയുന്നു.