കോഴിക്കോട് കളക്ടർ ആണ് ഇപ്പോഴത്തെ ഹീറോയും വില്ലനും. ഇത്ര നാളും നാട്ടാരുടെ ചങ്ക് ബ്രോ ആയിരുന്ന കളക്ടർ ഇപ്പൊ അമേരിക്കൻ സാമ്രാജ്യത്വ ഗൂഡാലോചനയുടെ ആൾരൂപം ആണെന്നാണ് ആക്ഷേപം. അല്ലെങ്കിലും കോഴിക്കോട് കളക്ടർമാർക്ക് പറ്റിയ സ്ഥലമല്ല. അതിന്റെ ഒരു തെളിവ് ഞാൻ തരാം.
വർഷം 1999. കോഴിക്കോട് ഇന്ത്യൻ എക്സ്‌പ്രസിൽ ഇന്റേൺഷിപ് ചെയ്യുന്ന കാലം. കാലത്ത് കോഴിക്കോട് സർവകലാശാല ക്യാമ്പസ്സിൽ നിന്നും ഇറങ്ങും. ഓഫീസിൽ തല കാണിച്ചാൽ പ്രസ് ക്ലബ്ബിൽ പത്ര സമ്മേളത്തിനു പോകാനുള്ള ഡ്യൂട്ടി കിട്ടും. അവിടെ പോയാൽ ചായ കിട്ടും. പിന്നെ ബിസ്ക്കറ്റും. ചില ഉസ്താദുമാരൊക്കെ പത്രസമ്മേളനം വിളിച്ചാൽ ഹൽവയും ജൂസുമൊക്കെ കിട്ടും.അങ്ങിനെ രാവിലത്തെ ഭക്ഷണം കുശാൽ. ഉച്ചക്ക് കറങ്ങിത്തിരിഞ്ഞു ഓഫീസിൽ ചെല്ലും എന്നിട്ടു ഏതെങ്കിലും ധർണ നടത്താൻ പോകുന്നുവെന്നോ അല്ലെങ്കിൽ മാനാഞ്ചിറയിൽ മതിലിലെ ലൈറ്റ് കത്തുന്നില്ല എന്നോ ഒരു വാർത്ത അടിച്ചു വെക്കും. പിന്നെ രാത്രി വരെ തട്ടി മുട്ടിയിരുന്നു പുതിയ സ്റ്റാൻഡിൽ നിന്നും ഒരു ഷാർജാ ഷേക്കും കുടിച്ചു യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് തിരിച്ചു വണ്ടി കേറും. ജീവിതം അങ്ങിനെ സുന്ദര സുരഭിലമായി കടന്നു പോകുന്ന ആ കാലത്താണ് പത്രത്തിൽ അച്ചടിച്ചു വന്ന ഒരു കാര്യത്തിന്റെ പേരിൽ അനാവശ്യമായി എന്റെ മാതാപിതാക്കളെ കോഴിക്കോട്ടുകാർ ആത്മാർത്ഥമായി സ്മരിച്ചത്. അതും ഒരു കളക്ടറുടെ പേരിൽ.
ഒന്നു രണ്ടു ചെറിയ വാർത്തകൾ ( കെ ബി വേണുവിന്റെ ഭാഷയിൽ പറഞ്ഞാൽ വലിയ വാർത്തകളുടെ ഗ്യാപ് ഫിൽ ചെയ്യാനുള്ള ഇഷ്ടിക കട്ടകൾ) അടിച്ചു വച്ചാൽ പിന്നെ ബ്യുറോയിൽ നമുക്ക് പ്രത്യേകിച്ചു ഒരു പണിയും ഇല്ല. അതു കൊണ്ടു ബ്യുറോയിലെ ഫോൺ അറ്റൻഡ് ചെയ്യാനുള്ള പണി നമ്മൾ സന്തോഷത്തോടെ ഏറ്റെടുക്കും.ഒന്നുമില്ലെങ്കിൽ ഒരു ദേശീയ പത്രത്തിന്റെ കുളാണ്ടർ ആയിട്ടിരുന്നു ഫോൺ എടുക്കുക എന്നത് ജേർണലിസം പഠിച്ചു ചൂടോടെ പുറത്തിറങ്ങിയ ഒരുത്തന് എത്ര ആനന്ദം നൽകും എന്നത് അതു അനുഭവിച്ചർക്കറിയാം . വല്ലപ്പോഴുമേ ആളുകൾ ആ ഫോണിൽ വിളിക്കൂ. പിന്നെ വിളിയുടെ മാലപ്പടക്കം പൊട്ടുന്നത് എസ് എസ് എൽ സി റിസൾട് വരുന്ന ദിവസങ്ങളിൽ ആയിരിക്കും. അന്ന് ഇന്റർനെറ്റ് എന്ന വാക്ക് നമ്മൾ കേട്ടു തുടങ്ങി വരുന്നേ ഉളളൂ. അതു കൊണ്ടു പത്രത്തിൽ വിളിച്ചു റിസൾട് അറിയുന്നതാണ് ട്രെൻഡ്. അന്ന് ഫോൺ അറ്റൻഡ് ചെയ്യുന്ന ആൾക്ക് കിട്ടുന്ന ഗമ ഒന്നു വേറെ തന്നെയാണ്. (കുറച്ചു കഴിഞ്ഞാൽ പ്രാന്താകുമെന്നത് വേറെ കാര്യം). അങ്ങിനെ ഈ ഗമ ആവോളം ആസ്വദിച്ചതിന്റെ ഹാങ് ഓവർ മാറുന്നതിനു മുൻപ് അതാ വരുന്നു മറ്റൊരു കാൾ.
ഫോൺ എടുത്തപ്പോൾ വളരെ ഭവ്യതയിൽ ഒരു ചോദ്യം. ഇന്ത്യൻ എക്സ്‌പ്രസ് ഓഫീസ് അല്ലെ?. ഗമയിൽ ഒരു കോംപ്രമൈസും ഇല്ലാതെ എന്റെ ഉത്തരം.'അതേ പറയൂ'. ഞാൻ ആവശ്യപ്പെട്ടതു പോലെത്തന്നെ അയാൾ പറഞ്ഞു. പക്ഷെ അതൊന്നും ഇവിടെ പറയാൻ പറ്റില്ല.നൈസ് പത്തിരി പോലുള്ള നല്ല കോഴിക്കോടൻ തെറി. എന്റമ്മോ.ബോംബെ ഹോട്ടലിൽ നിന്നും ഒന്നര മട്ടൺ ബിരിയാണി തട്ടിയിട്ട് പോലും ഇതുപോലെ വയറു നിറഞ്ഞിട്ടില്ല. ഈ തെറി വിളിയുടെ കാരണം കളക്ടർ ആണ്. കോഴിക്കോട്ട് കളിക്കുന്ന 'കളക്ടർ' എന്ന മലയാളം പടം. (പിന്നീട് കാലങ്ങൾക്കു ശേഷം സുരേഷ് ഗോപി അഭിനയിച്ചു തകർത്ത കളക്ടർ അല്ല.ഇതു വേറെ). ഇന്ത്യൻ എക്സ്പ്രസ് കൊടുത്ത പ്രകാരം 'കളക്ടർ' എന്ന മലയാളം കളർ പടം കാണാൻ കയറിയ മമ്മൂക്ക ഫാൻസ് പടം തുടങ്ങിയപ്പോൾ ഒന്നു അമ്പരന്നു. മലയാളം കളർ പടം കളക്ടർ പേശുന്നതു തമിഴാണ്. പടത്തിന്റെ പേര് 'എതിരും പുതിരും'. സംഗതി മമ്മൂട്ടി തന്നെ നായകൻ.അതു ഭാഗ്യം.
സംഭവിച്ചത് ഇതാണ്. അന്ന് കോഴിക്കോട്ടെ ഇന്ത്യൻ എക്സ്പ്രസ്സിൽ 'ഇന്നത്തെ സിനിമ' എഴുതിക്കൊടുക്കുന്നതു പത്രക്കാർ ആരുമല്ല. അവരുടെ ഒക്കെ സ്നേഹഭാജനമായ ഒരു ഓഫീസ് സ്റ്റാഫ് ചേട്ടനാണ്. പുള്ളിയുടെ കൃത്യം പദവി എന്താണ് എന്നെനിക്കറിയില്ല. പേരും ഓര്മ കിട്ടുന്നില്ല. പുള്ളി ഓഫീസിലേക്ക് വരുമ്പോൾ ഒരു പോസ്റ്റർ കാണുന്നു. മമ്മൂട്ടിയുടെ പടം. വെണ്ടക്കാ അക്ഷരത്തിൽ 'കളക്ടർ' എന്ന് നല്ല പച്ച മലയാളത്തിൽ എഴുതിയിട്ടുമുണ്ട്. പിന്നെ സംശയിച്ചില്ല വന്ന പാടെ എഴുതിക്കൊടുത്തു 'കളക്ടർ മലയാളം കളർ' ദിവസേന മൂന്നു കളികൾ. വെണ്ടക്കാ കലക്ടറിന് മുകളിൽ മമ്മൂട്ടി 'ഇൻ ആൻഡ് ആസ്' എന്നു എഴുതിയതും താഴെ ചെറുതായി 'എതിരും പുതിരും' എന്നെഴുതിയിരുന്നതും ചേട്ടൻ കണ്ടില്ല. കുറച്ചു വര്ഷങ്ങള്ക്കു മുൻപ് ഷാജി കൈലാസ് രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ വൻ ഹിറ്റായിമാറിയ 'ദി കിംഗി'ലെ ജോസഫ് അലക്‌സെന്ന ഒരെല്ലു കൂടുതലുള്ള കളക്ടറെ പ്രതീക്ഷിച്ചു പോയ മമ്മുക്ക ഫാൻസ് 'എതിരും പുതിരു'മിലെ തമിഴ് പേശും കളക്ടറെ കണ്ടു തെറി വിളിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.പക്ഷെ ആ തെറി വിളിക്കേണ്ടത് എന്നെയായിരുന്നില്ല. എന്തു ചെയ്യും കളക്ടർ സ്നേഹികളായ കോഴിക്കോട്ടുകാർ തെറി വിളിച്ചാൽ കേൾക്കുക തന്നെ. നമുക്കൊരെല്ലൊന്നും കൂടുതലില്ലല്ലോ ബ്രോ.
