Wednesday, August 24, 2016


പപ്പടവും ശോഭായാത്രയും പിന്നെ ഗോലി സോഡയും!




പുലിക്കളിയിയിലും ദേശക്കുമ്മാട്ടിയിലും കെങ്കേമന്മാരാണ്
ഞങ്ങൾ കുട്ടൻകുളങ്ങരക്കാർ
അത് കൊണ്ട് തന്നെ ശോഭായാത്രയും ഞങ്ങൾ മോശമാക്കാറില്ല
ശോഭാ യാത്രയിൽ കുട്ടി കൃഷ്ണന്മാരും കുട്ടി ഗോപികമാരും ആണ് താരങ്ങൾ.
ഇവരെക്കൂടാതെ മറ്റൊരാളു കൂടിയുണ്ട്.
കൃഷ്ണന്റെ ആത്മാർത്ഥ സുഹൃത്ത് കുചേലൻ.


മിക്കവാറും ഒരു ടീമിൽ ഒരു കുചേലനേ കാണൂ.
എല്ലാവരും കൃഷ്ണനാകാൻ കൊതിക്കുന്ന കാലത്തു
ആർക്കാണ് കുചേലൻ ആകാൻ താല്പര്യം?
ഒറിജിനൽ കൃഷ്ണൻ കാർവർണൻ ആണെങ്കിലും ശോഭാ യാത്രയിലെ കൃഷ്ണന്മാർ
വെളുത്തു തുടുത്തു സുന്ദരക്കുട്ടപ്പന്മാർ ആയിരിക്കും.
കുചേലനാകാൻ നറുക്ക് വീഴുന്നത് കൂട്ടത്തിൽ
ഗ്ലാമർ ഇല്ലാത്ത ഏതെങ്കിലും എലുമ്പനായിരിക്കും.


മുടിയൊക്കെ വളർത്തി ഫ്രീക്കൻ ആണ് കൃഷ്ണൻ എങ്കിൽ തല മൊട്ടയടിച്ചു പുറകിൽ ചെറിയൊരു കുടമയും വെച്ച് നടക്കുന്ന കട്ട ഫ്രീക്കനാണ് കുചേലൻ.
പക്ഷെ ശോഭായാത്രയിലെ കുട്ടി കുചേലന്മാർക്ക് തല മൊട്ടയടിക്കുന്നത് സങ്കൽപ്പിക്കാൻ പോലും പറ്റില്ല.
കാരണം ശ്രീകൃഷ്ണജയന്തി അവധി കഴിഞ്ഞു
മൊട്ടത്തലയുമായി എങ്ങിനെ സ്കൂളിൽ പോകും.
അങ്ങിനെ കുചേല വേഷം കുട്ടികൾ നിഷ്കരുണം നിരസിച്ചു തുടങ്ങിയപ്പോൾ ആണെന്ന് തോന്നുന്നു ഏതോ മേക്ക് അപ് വിദ്വാൻ
പപ്പടത്തിന്റെ അനന്ത സാദ്ധ്യതകൾ തിരിച്ചറിഞ്ഞത്.
അങ്ങിനെയാണ് മുടി പതിച്ചു ചീകി വച്ച്
അതിനു മുകളിൽ പപ്പടം ഒട്ടിച്ചു മിനുക്കിയ തലയുമായി
കൃഷ്ണനാകാൻ കഴിയാത്തതിന്റെ ഇച്ഛാഭാംഗവുമായി
കുചേലന്മാർ ശോഭായാത്രക്കിറങ്ങിയത്.


ഇതിനൊരപവാദമായിരുന്നു എന്റെ ക്ലാസ്സിൽ പഠിച്ചിരുന്ന സജി
അവനാണ് ആ വർഷത്തെ ശോഭായാത്രയിലെ കുചേലൻ എന്ന് ഞങ്ങൾ അഞ്ചാംക്ലാസ്സുകാരുടെ മുന്നിൽ പ്രഖ്യാപിക്കാൻ അവനു അഭിമാനമായിരുന്നു
പപ്പടം ഒട്ടിച്ചു മൊട്ടത്തലയനായി വരുന്ന കുചേലൻ അല്ല തന്റേതു എന്നും തല ഒറിജിനലായി മൊട്ടയടിച്ചു പിന്നിൽ കുടുമയും വച്ചായിരിക്കും തന്റെ കുചേലൻ ഇക്കുറി ശോഭായാത്രക്ക് ഇറങ്ങുക എന്ന അവന്റെ പ്രഖ്യാപനം ഞങ്ങൾ സഹപാഠികളെ ശരിക്കും ഞെട്ടിച്ചു.
മോമോദീസാ പേര് ജോസപ്പെന്നാണെങ്കിലും
സ്വഭാവം കൊണ്ട് സംശയാലുവായ തോമാസായിരുന്ന ഞാൻ അത് വിശ്വസിക്കാൻ കൂട്ടാക്കിയില്ല.


പപ്പടമൊട്ടിക്കാത്ത കുചേലനോ?
ഹേയ് വഴിയില്ല


ബെറ്റുണ്ടോ? എന്നായി കുചേലൻ.
ശരി എന്ന് ഞാനും.


കുചേലനു വേണ്ടി മൊട്ടയാക്കുന്ന തലയുമായി ശോഭായാത്രപ്പിറ്റേന്ന് സ്കൂളിൽ വന്നാൽ ദേവസ്സിയേട്ടന്റെ കടയിൽ നിന്നും കപ്പലണ്ടി മിട്ടായിയും ഗോലി സോഡയും. അതാണ് ബെറ്റ്


അപ്പന്റെയും അമ്മയുടെയും കൂടെ ഞങ്ങൾ മൂന്നു മക്കളും ശോഭാ യാത്ര കാണാൻ പോയി.
പുലിക്കളിയും ശ്രീനാരായണഗുരു ജയന്തി ഘോഷയാത്രയും പോലെ ശോഭായാത്രയും ഞങ്ങളുടെ ഫാമിലി ഔട്ടിംഗ് ഷെഡ്യൂളിൽ
സ്ഥിരമായി കയറിക്കൂടിയ ഒന്നാണ്.
അമ്പാടിയിലോ പത്തൻസിലോ അരുൾ ജ്യോതിയിലോ കയറി കുടുംബ സമേതം മസാല ദോശ തിന്നുക എന്ന ആർഭാടവും ഇതേ യാത്രകളുടെ ഭാഗമായിരുന്നു.


സ്വന്തം ദേശക്കാരുടെ സംഘത്തേക്കാണുന്നത്
ശോഭായാത്ര കാണാൻ എത്തുന്ന ഓരോരുത്തർക്കും സന്തോഷമുള്ള കാര്യമാണ്
ഓവർസിയർ ഗോപിയേട്ടന്റെ മോന്റെ മോനാ ആ മുന്നിൽ പോകുന്ന കൃഷ്ണനെന്നും
കോലുമിട്ടായി തിന്നു നടന്നു നീങ്ങുന്ന രാധ അപ്പുറത്തെ വാസന്തി ചേച്ചിയുടെ മോളുടെ മോളാണെന്നുമൊക്കെ ഗമ പറഞ്ഞു അതങ്ങ് ആഘോഷമാക്കും നാട്ടുകാർ.
പക്ഷെ ഇത്തവണ സ്വന്തം നാട്ടിലെ ടീം കടന്നു വന്നതോടെ കാറ്റു പോയ ബലൂണിന്റെ അവസ്ഥയായി എന്റേത്.
സജി മൊട്ടയടിച്ചിരിക്കുന്നു.പോരാത്തതിന് കുടുമയുമുണ്ട്.
കപ്പലണ്ടി മിട്ടായിയും ഗോലി സോഡയും ഖുദാ ഗവാ...
തോറ്റില്ലെ ബെറ്റ്.


പിറ്റേന്ന് സ്കൂളിൽ ചെന്നാൽ പണി പാളും എന്നുറപ്പാണ്
കക്ഷത്ത് ഉള്ളി വെച്ച് കിടന്നാൽ പനി വരുമെന്ന നാട്ടറിവു പയറ്റി നോക്കിയെങ്കിലും പരാജയമായിരുന്നു ഫലം.മടിച്ചു മടിച്ചു സ്കൂളിലെത്തി.
മൊട്ടത്തലയുമായി എന്നെക്കാത്ത് പുഞ്ചിരിച്ചു നിൽക്കുകയാണ് സജി കുചേലൻ.
'എന്നാ പോകാം ദേവസ്സ്യേട്ടന്റെ കടയിലേക്ക്' എന്ന് പറയാതെ പറയുന്ന വിജയപുഞ്ചിരി
മൊട്ടത്തല സജിക്കാണെങ്കിലും തോറ്റു തൊപ്പിയിട്ടത് ഞാൻ.
അങ്ങിനെ ബെറ്റ് നിറവേറ്റാൻ ദേവസ്സ്യേട്ടന്റെ കടയിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ആണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്.


കുചേലന്റെ കുടുമ കാണാനില്ല!


പരാജയത്തിന്റെ പടുകുഴിയിലേക്ക് മുങ്ങി താഴുമ്പോൾ
പിടിച്ചു തൂങ്ങാൻ ഒരു കുടുമ കിട്ടിയതോടെ ഞാൻ ഭാവം മാറ്റി.കുചേലന് വേണ്ടി മൊട്ടയടിക്കുന്ന അതേ രൂപത്തിൽ
സ്കൂളിലെത്തണം എന്നതായിരുന്നു ബെറ്റിലെ നിബന്ധന എന്നായി ഞാൻ. കുടുമയില്ലെങ്കിൽ കപ്പലണ്ടിമിട്ടായിയുമില്ല ഗോലി സോഡയുമില്ല.
മൊട്ടയടിച്ച തലയുമായി വരണം എന്നു മാത്രമാണ് കണ്ടീഷൻ എന്ന് സജി.
കുടുമ വേണമെന്ന് ഞാനും.
അവസാനം എന്റെ നസ്രാണി നാക്കിനു മുൻപിൽ അവൻ തോറ്റു. എന്റെ കുരുട്ട് ബുദ്ധി വിജയം നേടി.


അതിൽ പിന്നെ സജി കുചേല വേഷം കിട്ടിയിട്ടുണ്ടോ എന്നെനിക്കറിയില്ല
പക്ഷെ തലയിൽ പപ്പടമൊട്ടിച്ച കുട്ടികുചേലന്മാരെ ഇപ്പോഴും കാണാറുണ്ട്
കൃഷ്ണനാകാനുള്ള വെളുപ്പും തുടുപ്പും ഇല്ലാത്തതുകൊണ്ട് മാത്രം കുചേല വേഷം കെട്ടാൻ വിധിക്കപ്പെട്ടവരുടേതു കൂടിയാണ് ശ്രീകൃഷ്ണ ജയന്തി.
ശ്രീകൃഷ്ണന് മറ്റാരേക്കാളും വലുതായിരുന്നല്ലോ കുചേലൻ എന്ന കൂട്ടുകാരൻ

Thursday, July 7, 2016

എതിരും പുതിരും - ഒരു കോഴിക്കോടൻ കളക്ടർ കദന കഥ!





കോഴിക്കോട് കളക്ടർ ആണ് ഇപ്പോഴത്തെ ഹീറോയും വില്ലനും. ഇത്ര നാളും നാട്ടാരുടെ ചങ്ക് ബ്രോ ആയിരുന്ന കളക്ടർ ഇപ്പൊ അമേരിക്കൻ സാമ്രാജ്യത്വ ഗൂഡാലോചനയുടെ ആൾരൂപം ആണെന്നാണ് ആക്ഷേപം. അല്ലെങ്കിലും കോഴിക്കോട് കളക്ടർമാർക്ക് പറ്റിയ സ്ഥലമല്ല. അതിന്റെ ഒരു തെളിവ് ഞാൻ തരാം.


വർഷം 1999. കോഴിക്കോട് ഇന്ത്യൻ എക്സ്‌പ്രസിൽ ഇന്റേൺഷിപ് ചെയ്യുന്ന കാലം. കാലത്ത് കോഴിക്കോട് സർവകലാശാല ക്യാമ്പസ്സിൽ നിന്നും ഇറങ്ങും. ഓഫീസിൽ തല കാണിച്ചാൽ പ്രസ് ക്ലബ്ബിൽ പത്ര സമ്മേളത്തിനു പോകാനുള്ള ഡ്യൂട്ടി കിട്ടും. അവിടെ പോയാൽ ചായ കിട്ടും. പിന്നെ ബിസ്ക്കറ്റും. ചില ഉസ്താദുമാരൊക്കെ പത്രസമ്മേളനം വിളിച്ചാൽ ഹൽവയും ജൂസുമൊക്കെ കിട്ടും.അങ്ങിനെ രാവിലത്തെ ഭക്ഷണം കുശാൽ. ഉച്ചക്ക് കറങ്ങിത്തിരിഞ്ഞു ഓഫീസിൽ ചെല്ലും എന്നിട്ടു ഏതെങ്കിലും ധർണ നടത്താൻ പോകുന്നുവെന്നോ അല്ലെങ്കിൽ മാനാഞ്ചിറയിൽ മതിലിലെ ലൈറ്റ് കത്തുന്നില്ല എന്നോ ഒരു വാർത്ത അടിച്ചു വെക്കും. പിന്നെ രാത്രി വരെ തട്ടി മുട്ടിയിരുന്നു പുതിയ സ്റ്റാൻഡിൽ നിന്നും ഒരു ഷാർജാ ഷേക്കും കുടിച്ചു യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് തിരിച്ചു വണ്ടി കേറും. ജീവിതം അങ്ങിനെ സുന്ദര സുരഭിലമായി കടന്നു പോകുന്ന ആ കാലത്താണ് പത്രത്തിൽ അച്ചടിച്ചു വന്ന ഒരു കാര്യത്തിന്റെ പേരിൽ അനാവശ്യമായി എന്റെ മാതാപിതാക്കളെ കോഴിക്കോട്ടുകാർ ആത്മാർത്ഥമായി സ്മരിച്ചത്. അതും ഒരു കളക്ടറുടെ പേരിൽ.


ഒന്നു രണ്ടു ചെറിയ വാർത്തകൾ ( കെ ബി വേണുവിന്റെ ഭാഷയിൽ പറഞ്ഞാൽ വലിയ വാർത്തകളുടെ ഗ്യാപ് ഫിൽ ചെയ്യാനുള്ള ഇഷ്ടിക കട്ടകൾ) അടിച്ചു വച്ചാൽ പിന്നെ ബ്യുറോയിൽ നമുക്ക് പ്രത്യേകിച്ചു ഒരു പണിയും ഇല്ല. അതു കൊണ്ടു ബ്യുറോയിലെ ഫോൺ അറ്റൻഡ് ചെയ്യാനുള്ള പണി നമ്മൾ സന്തോഷത്തോടെ ഏറ്റെടുക്കും.ഒന്നുമില്ലെങ്കിൽ ഒരു ദേശീയ പത്രത്തിന്റെ കുളാണ്ടർ ആയിട്ടിരുന്നു ഫോൺ എടുക്കുക എന്നത് ജേർണലിസം പഠിച്ചു ചൂടോടെ പുറത്തിറങ്ങിയ ഒരുത്തന് എത്ര ആനന്ദം നൽകും എന്നത് അതു അനുഭവിച്ചർക്കറിയാം . വല്ലപ്പോഴുമേ ആളുകൾ ആ ഫോണിൽ വിളിക്കൂ. പിന്നെ വിളിയുടെ മാലപ്പടക്കം പൊട്ടുന്നത് എസ് എസ് എൽ സി റിസൾട് വരുന്ന ദിവസങ്ങളിൽ ആയിരിക്കും. അന്ന് ഇന്റർനെറ്റ് എന്ന വാക്ക് നമ്മൾ കേട്ടു തുടങ്ങി വരുന്നേ ഉളളൂ. അതു കൊണ്ടു പത്രത്തിൽ വിളിച്ചു റിസൾട് അറിയുന്നതാണ് ട്രെൻഡ്. അന്ന് ഫോൺ അറ്റൻഡ് ചെയ്യുന്ന ആൾക്ക് കിട്ടുന്ന ഗമ ഒന്നു വേറെ തന്നെയാണ്. (കുറച്ചു കഴിഞ്ഞാൽ പ്രാന്താകുമെന്നത് വേറെ കാര്യം). അങ്ങിനെ ഈ ഗമ ആവോളം ആസ്വദിച്ചതിന്റെ ഹാങ് ഓവർ മാറുന്നതിനു മുൻപ് അതാ വരുന്നു മറ്റൊരു കാൾ.


ഫോൺ എടുത്തപ്പോൾ വളരെ ഭവ്യതയിൽ ഒരു ചോദ്യം. ഇന്ത്യൻ എക്സ്‌പ്രസ് ഓഫീസ് അല്ലെ?. ഗമയിൽ ഒരു കോംപ്രമൈസും ഇല്ലാതെ എന്റെ ഉത്തരം.'അതേ പറയൂ'. ഞാൻ ആവശ്യപ്പെട്ടതു പോലെത്തന്നെ അയാൾ പറഞ്ഞു. പക്ഷെ അതൊന്നും ഇവിടെ പറയാൻ പറ്റില്ല.നൈസ് പത്തിരി പോലുള്ള നല്ല കോഴിക്കോടൻ തെറി. എന്റമ്മോ.ബോംബെ ഹോട്ടലിൽ നിന്നും ഒന്നര മട്ടൺ ബിരിയാണി തട്ടിയിട്ട് പോലും ഇതുപോലെ വയറു നിറഞ്ഞിട്ടില്ല. ഈ തെറി വിളിയുടെ കാരണം കളക്ടർ ആണ്. കോഴിക്കോട്ട് കളിക്കുന്ന 'കളക്ടർ' എന്ന മലയാളം പടം. (പിന്നീട് കാലങ്ങൾക്കു ശേഷം സുരേഷ് ഗോപി അഭിനയിച്ചു തകർത്ത കളക്ടർ അല്ല.ഇതു വേറെ). ഇന്ത്യൻ എക്സ്പ്രസ് കൊടുത്ത പ്രകാരം 'കളക്ടർ' എന്ന മലയാളം കളർ പടം കാണാൻ കയറിയ മമ്മൂക്ക ഫാൻസ്‌ പടം തുടങ്ങിയപ്പോൾ ഒന്നു അമ്പരന്നു. മലയാളം കളർ പടം കളക്ടർ പേശുന്നതു തമിഴാണ്. പടത്തിന്റെ പേര് 'എതിരും പുതിരും'. സംഗതി മമ്മൂട്ടി തന്നെ നായകൻ.അതു ഭാഗ്യം.


സംഭവിച്ചത് ഇതാണ്. അന്ന് കോഴിക്കോട്ടെ ഇന്ത്യൻ എക്സ്പ്രസ്സിൽ 'ഇന്നത്തെ സിനിമ' എഴുതിക്കൊടുക്കുന്നതു പത്രക്കാർ ആരുമല്ല. അവരുടെ ഒക്കെ സ്നേഹഭാജനമായ ഒരു ഓഫീസ് സ്റ്റാഫ് ചേട്ടനാണ്. പുള്ളിയുടെ കൃത്യം പദവി എന്താണ് എന്നെനിക്കറിയില്ല. പേരും ഓര്മ കിട്ടുന്നില്ല. പുള്ളി ഓഫീസിലേക്ക് വരുമ്പോൾ ഒരു പോസ്റ്റർ കാണുന്നു. മമ്മൂട്ടിയുടെ പടം. വെണ്ടക്കാ അക്ഷരത്തിൽ 'കളക്ടർ' എന്ന് നല്ല പച്ച മലയാളത്തിൽ എഴുതിയിട്ടുമുണ്ട്. പിന്നെ സംശയിച്ചില്ല വന്ന പാടെ എഴുതിക്കൊടുത്തു 'കളക്ടർ മലയാളം കളർ' ദിവസേന മൂന്നു കളികൾ. വെണ്ടക്കാ കലക്ടറിന് മുകളിൽ മമ്മൂട്ടി 'ഇൻ ആൻഡ് ആസ്' എന്നു എഴുതിയതും താഴെ ചെറുതായി 'എതിരും പുതിരും' എന്നെഴുതിയിരുന്നതും ചേട്ടൻ കണ്ടില്ല. കുറച്ചു വര്ഷങ്ങള്ക്കു മുൻപ് ഷാജി കൈലാസ് രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ വൻ ഹിറ്റായിമാറിയ 'ദി കിംഗി'ലെ ജോസഫ് അലക്‌സെന്ന ഒരെല്ലു കൂടുതലുള്ള കളക്ടറെ പ്രതീക്ഷിച്ചു പോയ മമ്മുക്ക ഫാൻസ്‌ 'എതിരും പുതിരു'മിലെ തമിഴ് പേശും കളക്ടറെ കണ്ടു തെറി വിളിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.പക്ഷെ ആ തെറി വിളിക്കേണ്ടത് എന്നെയായിരുന്നില്ല. എന്തു ചെയ്യും കളക്ടർ സ്നേഹികളായ കോഴിക്കോട്ടുകാർ തെറി വിളിച്ചാൽ കേൾക്കുക തന്നെ. നമുക്കൊരെല്ലൊന്നും കൂടുതലില്ലല്ലോ ബ്രോ.

Tuesday, June 14, 2016

മന്ത്രിക്കും വിളിക്കാം എം എൽ എക്കും വിളിക്കാം, ഏതു പോലീസുകാരനും വിളിക്കാം!

മലയാളത്തിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രങ്ങളിൽ ഒന്നാണ് ശ്രീനിവാസന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം.റിലീസ് ചെയ്തു വർഷങ്ങൾക്കു ശേഷവും ആ ചിത്രത്തിലെ ഓരോ സീനും കേരള രാഷ്ട്രീയത്തിൽ ഇപ്പോഴും എപ്പോഴും (എല്ലായപ്പോഴും) അരങ്ങേറുന്ന സംഭവങ്ങളുമായി ചേർത്തു വെക്കാൻ കഴിയുന്നു എന്ന വസ്തുത തന്നെയാണ് കെ ജി ജോർജിന്റെ പഞ്ചവടിപ്പാലം പോലെത്തന്നെ സന്ദേശത്തെയും നമ്മുടെ പ്രിയപ്പെട്ട പൊളിറ്റിക്കൽ സറ്റയർ ചിത്രമാക്കി നിറുത്തുന്നത്. കാസ്റ്റിംഗിലെ കൃത്യത കൊണ്ടും മലയാളിയെ അത്ഭുതപ്പെടുത്തിയ ചിത്രമാണ് സന്ദേശം. ശ്രീനിവാസന്റെ ആശയങ്ങളിൽ അഭിരമിച്ചു പോയ കമ്മ്യൂണിസ്റ്റുകാരനും ജയറാമിന്റെ അമിതാവേശവും കൌശലവും കൈമുതലാക്കിയ കോൺഗ്രസ്സുകാരനും ശങ്കരാടിയുടെ സൈദ്ധാന്തികനും മാമുക്കോയയുടെ പത്തിയുണ്ടെന്നു സ്വയം ധരിച്ചു വശായ ഞാഞ്ഞൂൽ നേതാവും ഇന്നസെന്റിന്റെ മലയാളികളെല്ലാം മണ്ടന്മാരാണെന്നു കരുതുന്ന ഉത്തരേന്ത്യൻ നേതാവും ജോലിയിൽ നൂറു ശതമാനം ആത്മാർഥത പുലർത്തുന്ന സിദിഖിന്റെ ഉദയഭാനു എന്ന കൃഷി ഓഫീസറുമെല്ലാം ആ നടന്മാര്‍ ഇന്നോളം അവതരിപ്പിച്ചിട്ടുള്ള മികച്ച കഥാപാത്രങ്ങളുടെ മുൻനിരയിൽ തന്നെ സ്ഥാനം പിടിക്കുന്നു.

ഈ കഥാപാത്രങ്ങളോളം പരാമർശിക്കപ്പെട്ടിട്ടില്ലെങ്കിലും അഞ്ചു വർഷം മാറി മാറി ഇടതും വലതും മുന്നണികൾ ഭരിക്കുമ്പോൾ നെട്ടോട്ടമോടുന്ന സർക്കാർ ജീവനക്കാരുടെ പ്രതിനിധിയായി മാറുന്നു സിനിമയിൽ മാള അരവിന്ദൻ അവതരിപ്പിക്കുന്ന പോലീസുകാരൻ. മാറി മാറി ഭരിക്കുന്ന സർക്കാറുകൾ തല്ലാൻ പറയുമ്പോൾ ആവേശത്തോടെ തല്ലിയും വെറുതെ വിടാൻ പറയുമ്പോൾ സന്തോഷത്തോടെ അനുസരിച്ചും സർവീസ് കാലം കഴിച്ചു കൂട്ടുന്ന ഇവരെക്കാത്തിരിക്കുന്നത് ഭരണം മാറി വരുമ്പോൾ അധികാരത്തിന്റെ ഹുങ്ക് കാട്ടുന്ന മന്ത്രിമാർ തൊട്ടു ലോക്കൽ നേതാക്കന്മാർ വരെയുള്ളവരുടെ ഭീഷണിയും തെറി വിളികളുമാണ്. നമുക്കതിനെ വേണമെങ്കിൽ 'കൃത്യവിലോപത്തിനുള്ള ശാസന' എന്ന് ഓമനപ്പേരിട്ടു വിളിക്കാം. പക്ഷെ ഈ പച്ചയായ ശാസന കേൾക്കേണ്ടി വരുന്നതും പെട്ടിയും കുട്ടിയുമായി പാറശാല തൊട്ടു കാസർ ഗോഡ് വരെ നെട്ടോട്ടമോടുന്നതും ഏതെങ്കിലും പാവം എസ് ഐയോ സാദാ കോൺസ്റ്റബിളോ ആയിരിക്കും. ഭരണം മാറിയാലും പിടിച്ചു നിൽക്കാൻ അറിയുന്നവരെ ശാസിക്കാനോ സ്ഥലംമാറ്റാനോ ഒരു രാഷ്ട്രീയനേതാവും മുതിരില്ല, അല്ലെങ്കിൽ അങ്ങിനെ ഒരവസരം മിടുക്കൻമാരായ പോലീസുകാർ ഉണ്ടാക്കില്ല എന്നർത്ഥം.

അല്ലാത്തവർ മന്ത്രിയുടെയും എം എൽ എ യുടെയും 'ശാസന' കേട്ട് തലകുനിച്ചു നിൽക്കും. ഉള്ളിൽ തന്തക്കു വിളിക്കുന്നുണ്ടാകുമെങ്കിലും പാവം പോലീസുകാരന് നേതാവിനോട് തിരിച്ചു ഡയലോഗ് അടിക്കാൻ ഇത് രൺജിപണിക്കർ-ഷാജി കൈലാസ് ചിത്രമൊന്നുമല്ലല്ലൊ. അത് കൊണ്ട് അവൻ അവിടെ മിണ്ടാതെ നിൽക്കും. പക്ഷെ അവനു തന്തക്കു വിളിക്കാൻ കിട്ടുന്ന സുവർണാസരങ്ങളിൽ അവൻ കേട്ടത് പതിന്മടങ്ങായി തിരിച്ചു വിളിച്ചു ക്ഷീണം തീർക്കും. അതൊരിക്കലും മന്ത്രിയോടോ എം എൽ എ യോടോ ആയിരിക്കില്ല, അതിനു ഭാഗ്യം ലഭിക്കുക ഹെൽമെറ്റ് വെക്കാതെയോ സീറ്റ്‌ ബെൽറ്റ്‌ ഇടാതെയോ പോകുന്ന ഏതെങ്കിലും പാവത്തിനായിരിക്കും.

അല്ലെങ്കിലും ജനാധിപത്യത്തിന്റെ ഗുണം കിട്ടേണ്ടത് ജനത്തിന് തന്നെയാണല്ലോ.


സുലാൻ.

Saturday, May 21, 2016

തെരഞ്ഞെടുപ്പ്കാലത്തെ അമ്പെയ്ത്ത്

തലക്കെട്ട് വായിച്ചു പകച്ചു പോകേണ്ട നിങ്ങളുടെ യുവത്വം. ഇത് ആ അമ്പെയ്ത്തിനെ ഉദ്ദേശിച്ചല്ല. ഒളിഞ്ഞും തെളിഞ്ഞും എതിരാളിക്ക് നേരെ എയ്യുന്ന ഒളിയമ്പുകൾ അല്ലേയല്ല ഇവിടത്തെ ചർച്ചാ വിഷയം. ഇത് നല്ല ഒന്നാന്തരം 916 അമ്പെയ്ത്ത്. പിന്നെ ഇതൊരു മത്സര ഇനമായി  ആരും പ്രഖ്യാപിക്കാത്തതിനാൽ    ആർക്കും ഇതിൽ ഗപ്പൊന്നും കിട്ടിയതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. ഇവിടത്തെ  തെരെഞ്ഞെടുപ്പെന്നാൽ  ത്രിതലമോ നിയമസഭയോ ലോകസഭയോ അല്ല. പക്ഷെ അതിനെക്കാളൊക്കെ വാശിയും ആവേശവും കൊടികുത്തി വാഴുന്ന കോളേജ് യൂണിയൻ  തെരെഞ്ഞെടുപ്പുകളാണ്. അതും ഇപ്പോഴത്തെയല്ല, എന്നാൽ അത്ര പണ്ടത്തെയുമല്ല. ഇപ്പോഴത്തെ തലമുറ ക്ലാസ്മേറ്റസ് എന്ന സിനിമയിലൊക്കെ  കണ്ടു രസിച്ച തൊണ്ണൂറുകളിലെ കലാലയ തെരഞ്ഞെടുപ്പാണ് നമ്മുടെ  അമ്പെയ്ത്തിന്റെ അരങ്ങ്.

തൃശ്ശൂരിന്റെ ആൺ ഓൺലി കോളേജുകൾ

ഇന്നത്തെപ്പോലെയല്ല അന്നത്തെ കാര്യങ്ങൾ. (വല്യേ ബുദ്ധിമുട്ടാന്നേ!) ഇന്ന് കേരളത്തിൽ  ആൺകുട്ടികൾക്ക്  മാത്രമായുള്ള കോളേജുകൾ മഷിയിട്ടു നോക്കിയാൽ പോലും കണ്ടുപിടിക്കാൻ  പ്രയാസം. അന്നോ കേരളത്തിന്റെ  സകല  മുക്കിലും മൂലയിലും  എല്ലാ വില്ലത്തരങ്ങളുടെയും പര്യായമായി ഇഷ്ടം പോലെ ആൺ ഓൺലി കോളേജുകൾ തലയുയർത്തി നിന്നിരുന്നു . സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂരിൽ കലയിലും കായികത്തിലും കത്തി നിന്നിരുന്നത്  രണ്ട് ആൺ ഓൺലി കോളേജുകൾ. നഗരമധ്യത്തിൽ തന്നെയുള്ള സൈന്റ്റ്‌ തോമസ്‌ കോളേജ് എന്ന ആൺ ഓൺലി കോളേജും ഇരിഞ്ഞാലക്കുടയില്‍ ഉള്ള മറ്റൊരു ആൺ ഓൺലി കോളേജ് ആയ ക്രൈസ്റ്റ് കോളേജും. ആൺകുട്ടികൾ മാത്രമേയുള്ളൂ എങ്കിലും പെങ്കുട്ടികളുടെ കുത്തക ഇനമായ ഗ്രൂപ്പ്‌ ഡാൻസിൽ പോലും ഫസ്റ്റ് അടിക്കുന്ന പാരമ്പര്യമാണ് ക്രൈസ്റ്റ് കോളേജിന്.   സൈന്റ്റ്‌ തോമസിലെ എൻ സീ സീ പിള്ളാരുടെ അത്യുഗ്രൻ മാർച് കാണാൻ വേണ്ടി മാത്രം റിപ്പബ്ലിക്ദിന പരേഡ് കാണാൻ എത്തുന്നവരുണ്ടായിരുന്ന സുവർണകാലം. അക്കാലത്തെ തീപാറുന്ന തെരഞ്ഞെടുപ്പു രാഷ്ട്രീയവും ഈ രണ്ടു കോളെജുകൾക്ക്‌ സ്വന്തം. എങ്ങിനെ തീ പാറാതിരിക്കും, കത്തുന്ന വിപ്ലവ വീര്യത്തെ തണുപ്പിക്കാൻ പേരിനു പോലും അവിടെ ഒരു സഖിയില്ലല്ലോ.

നമ്മുടെ കഥയും നടക്കുന്നത് ഒരു തെരഞ്ഞെടുപ്പ് കാലത്താണ്. അല്ലെങ്കിൽ  അക്കാലത്തെ എല്ലാ കലാലയ തെരഞ്ഞെടുപ്പ് കാലത്തും നടക്കുന്ന ഒരു ആചാരമാണ്  ഇതും. സംഗതി നടക്കുന്നത് നേരത്തെ പറഞ്ഞ ഘടാഘടിയൻ ആൺ ഓൺലി കോളേജുകളിൽ ഒന്നായ തൃശൂർ സൈന്റ്റ്‌ തോമസ്‌ കോളേജിൽ. വേദിയാകുന്നത്‌ കാത്തലിക് സിറിയൻ ബാങ്കിനു മുന്നിലൂടെ നീളുന്ന കോളേജ് റോഡ്‌. അണിയറ സൈന്റ്റ്‌ തോമസ്‌ കോളേജിന്റെ സയൻസ് ബ്ലോക്ക്‌. കഥ തുടങ്ങുന്നതിനു മുൻപ് ഈ റോഡിനെയും റോഡിന് ഓരം ചേർന്നു നിൽക്കുന്ന സൈന്റ്റ്‌ തോമസ്സിലെ പ്രീ ഡിഗ്രി സയൻസ് ബാച്ചുകൾ ഉൾക്കൊള്ളുന്ന കെട്ടിടത്തെയും പറ്റി പറയാം. എൻട്രൻസ് ജ്വരം കത്തിക്കയറിത്തുടങ്ങിയ തൊണ്ണൂറുകളിൽ പ്രീ ഡിഗ്രി സയൻസ്  ബാച്ചുകൾ എന്നാൽ ഭാവി ഡോക്ടർമാരെയും എഞ്ചിനീയർമാരെയും പടച്ചു വിടുന്ന ഫാക്ടറികളാണ്. പ്രൊഫസർ ചോദ്യം ചോദിക്കാൻ ചിന്തിക്കുമ്പോഴേക്കും ഉത്തരം പറയുന്ന മിടുക്കന്മാരുടെ ലോകം. അതിനിടയിൽ മലയാളം മീഡിയത്തിൽ പഠിച്ച അറിവൊക്കെ പ്രീ ഡിഗ്രിക്ക് ആദ്യമായി ഇംഗ്ലീഷിൽ ക്ലാസുകൾ കേട്ടപ്പോൾ ചോർന്നുപോയ ഞങ്ങളെപ്പോലെ ചില ഹതഭാഗ്യരും. ക്രമഭംഗം ഊനഭംഗം എന്നത് തന്നെയാണ് മൈറ്റോസിസ്സും മിയോസിസ്സും എന്ന് മനസ്സിലാക്കാൻ കഴിയാത്ത മരമണ്ടന്മാർ.

മിടുക്കന്മാർ പഠിച്ചു മിടുക്കരായപ്പോൾ, ഞങ്ങളെപ്പോലുള്ള അമിടുക്കന്മാർ കളിച്ചു വളർന്നു, ആ കളികളിൽ ക്രിക്കറ്റും ഫുട്ബാളും മാത്രമല്ല രാഷ്ട്രീയവും വായിനോട്ടവും എല്ലാം ഉൾപ്പെട്ടിരുന്നു. മറ്റു കളികളുടെ കാര്യത്തിലെല്ലാം സ്വയംപര്യാപ്തത നേടിയ സൈന്റ്റ്‌ തോമസ്‌ കോളേജിന് വായിനോട്ടം എന്ന സുകുമാരകലയിൽ തിളങ്ങുന്ന കാര്യത്തിൽ പരസഹായം കൂടാതെ വയ്യ. അവിടെയാണ് നേരത്തെ പറഞ്ഞ റോഡ്‌ നായകനാകുന്നത്. റോഡിലൂടെ എന്നും രാവിലെയും വൈകീട്ടുമൊഴുകുന്ന സൈന്റ്റ്‌ മേരീസ് കോളേജിലെ സുന്ദരിക്കുട്ടികൾ നായികമാരാകുന്നതും. സൈന്റ്റ്‌ മേരീസ് കോളേജും സൈന്റ്റ്‌ തോമസ്‌ കോളേജും തമ്മിൽ ഒരു കല്ലെടുത്ത്‌ എറിഞ്ഞാൽ എത്തുന്ന ദൂരമേ ഉള്ളൂ. പക്ഷെ ഫേസ്ബുക്കും  വാട്ട്സ്ആപ്പും എന്തിന് ഒരു വാലന്റൈന്സ് ഡേ പോലും ഇല്ലാത്ത ആ പ്രണയകാലത്ത് ഈ സുന്ദരികൾ അങ്ങോട്ടും ഇങ്ങോട്ടും അലസഗമനം നോക്കി വെള്ളമിറക്കുക എന്നതിൽ കവിഞ്ഞുള്ള ഒരു കലാപരിപാടിക്കും സാധ്യതകൾ ഉണ്ടായിരുന്നില്ല. പിന്നെ ആകെയോരാശ്വാസം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വരുമ്പോളാണ്.

പച്ചപ്പാവാടക്ക് പത്തോട്ട്

അന്ന് ചുരിദാറുകൾ കേരളസ്ത്രീശരീരങ്ങളെ കീഴടിക്കിയിട്ടില്ല. പ്രീ ഡിഗ്രി സുന്ദരിമാർക്ക് പാവാടയും ബ്ലൌസുമാണ് വേഷം. ഡിഗ്രി തൊട്ടു മുകളിലേക്ക് സാരിയും. എല്ലാം പ്ലെയിൻ കളർ മാത്രം. സയൻസ് ബ്ലോക്കിലെ പ്രീഡിഗ്രി സുന്ദരന്മാർ ഒരിക്കലും സാരിക്കാരെ വക വെക്കാറില്ല. തരത്തിലേ കളിക്കാവൂ എന്ന നായകവാചകം അവർ അന്നേ മനസ്സിലാക്കി വച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ പ്രീഡിഗ്രി പാവടക്കാരികൾ തന്നെയാണ് അവരുടെ ഉന്നം. ഉന്നമെന്ന് വെറുതെ പറയുന്നതല്ല. തങ്ങൾക്കു അവരോടുള്ള ആരാധനയും പ്രണയവുമെല്ലാം പറയാൻ ഈ പ്രീഡിഗ്രി കാമുകന്മാരുടെ മുന്നിൽ  ഒരൊറ്റ വഴിയേ ഉള്ളൂ. ഉന്നത്തിന്റെ വഴി. പുരാണത്തിൽ  ആ മാർഗത്തെ മേഘസന്ദേശം എന്ന് വിളിച്ചു പോന്നിരുന്നു. ബട്ട്‌ ബ്ലഡി കൺട്രി മലയാളീസ് അതിനെ 'ആരോ' എന്ന് വിളിച്ചു. നമ്മുടെ സാക്ഷാൽ അർജുനൻ തൊട്ടു അനന്യ വരെയുള്ളവരുടെ നേട്ടങ്ങൾക്കു മുന്നിൽ കുതിച്ചു പാഞ്ഞ അതേ അമ്പു തന്നെ. പക്ഷെ പ്രണയമാണ് ലക്‌ഷ്യം എന്നതിനാൽ കാരിരുമ്പ് കൊണ്ടല്ല, വർണക്കടലാസുകൊണ്ടാണ് അവയുടെ നിർമതിയെന്നു മാത്രം. അപ്പന്റെ പൈസ കൊണ്ട് വാങ്ങിയ നോട്ട്പുസ്തകത്തിൽ  നിന്ന് പേജു കീറി ആരോ ഉണ്ടാക്കാനൊന്നും സൈന്റ്റ്‌ തോമസ്സിലെ ജൂനിയർ അങ്ങാടി മാപ്ലമാരെ കിട്ടില്ല. പോരാത്തതിന് അതിനു കളറും പോരാ. ആരോ നിർമാണത്തിന് അവർക്ക് എന്നും പ്രിയം നോട്ടീസുകളാണ്. അതും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നോട്ടീസുകൾ.

തെരഞ്ഞെടുപ്പ് നോട്ടീസുകൾ ഏതു പാർട്ടിക്കാര് തന്നാലും ഞങ്ങൾ പ്രീ ഡിഗ്രി സയൻസ് ബാച്ചിലെ അമിടുക്കന്മാർ സ്വീകരിക്കും.ഒരെണ്ണം പോരാ, കുറച്ചു കൂടുതൽ തന്നോളൂ ചേട്ടന്മാരേ എന്നതാണ് ഞങ്ങളുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റൊ. അക്കാലത്ത് സ്ഥാനാർഥികളെ പരിചയപ്പെടുത്തി ബുക്ക്‌ലെറ്റുകൾ ഇറക്കും. അതിനാണ് ആരോ നിർമാണമേഖലയിൽ ഏറ്റവും പ്രിയം. ആരോയിലേറി തന്റെ മുഖം സുന്ദരിമാരുടെ കയ്യിലെത്തുന്നതും സ്വപ്നം കണ്ടു തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികൾ വരെയുണ്ടായിരുന്നു അന്ന്. അങ്ങിനെ ഒരാളുടെ പടവും വിവരണവുമടങ്ങിയ ആരോ കിട്ടിയ ഒരു പ്രീഡിഗ്രി സുന്ദരി സ്പോട്ടിൽ തലകറങ്ങി വീണത് ആരോപുരാണത്തിൽ തങ്കലിപികളിൽ എഴുതപ്പെട്ടിട്ടുണ്ട്. എഡിറ്റർ സ്ഥാനത്തേക്ക് മത്സരിച്ച ആ സുന്ദരന്റെ മുഖം ഇഷ്ടപ്പെടാഞ്ഞിട്ടല്ല അവൾ കുഴഞ്ഞു വീണത്‌. തലച്ചോറ് കുത്തിക്കീറി ചോരയിൽ മുക്കിയിട്ടാണ് അവൻ തൂലിക പടവാളാക്കുന്നതെന്ന കലാലയ സ്പെഷ്യൽ തെരഞ്ഞെടുപ്പ് സാഹിത്യമാണ് അവന്റെ പ്രണയത്തെ പരാജയത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടത്‌.

പക്ഷെ ഇത്തരം പരാജയങ്ങൾ ഒന്നും കാമുകന്മാരെയൊ പ്രൊഫഷണൽ അമ്പെയ്ത്തുകാരെയോ തളർത്തിയില്ല. അവർ തെരഞ്ഞെടുപ്പു കാലത്ത് പരമാവധി  നോട്ടീസുകൾ ശേഖരിച്ചു, അവരുടെ സ്വപ്നകാമുകിമാരെ ലക്ഷ്യമാക്കി നിരന്തരം അമ്പെയ്തു. ഒരെണ്ണമെങ്കിലും അവളുടെ ദേഹത്ത് തട്ടുമെന്നും അതവൾ തുറന്നു നോക്കുമെന്നും അതോടെ തങ്ങളുടെ പ്രണയം പൂത്തുല്ലസ്സിക്കുമെന്നും അവർ വൃഥാ ആശിച്ചു. മികച്ച ഉന്നമുള്ളവർ എന്നും ലക്‌ഷ്യം കണ്ടു. വെറും വിരലുകളുടെ കരവിരുതിൽ ലക്‌ഷ്യം തേടി ആരോകൾ പറന്നു. കൂടുതൽ ശക്തി വേണമെന്ന് തോന്നിയവർ റബ്ബർ ബാൻഡ് ജനൽക്കമ്പികളിൽ കുറുകെ കെട്ടി ഞാണുകൾ ഉണ്ടാക്കി. ക്യാമ്പസ്‌ പ്രകടന പത്രികകൾ അമ്പു രൂപം പ്രാപിച്ചു കുതിച്ചു പാഞ്ഞു. തെരഞ്ഞെടുപ്പു സമയം കോളേജ് റോഡ്‌ ആരോപ്പൂക്കൾ വിരിച്ചിട്ട പരവതാനിയായി. കൊഴിഞ്ഞു വീണു കേഴുന്ന ആരോകളെ  ചവിട്ടി മെതിച്ചു സുന്ദരിമാർ കടന്നു പോയി. അവരുടെ പാദങ്ങൾ തന്റെ പ്രണയസ്വപ്നങ്ങളെ ഞെരിച്ചർത്തി കടന്നു പോയപ്പോൾ ഒരു എഡിറ്റർ സ്ഥാനാർഥി അവന്റെ മനസ്സിൽ  പറഞ്ഞു.

“Tread softly, because you tread on my dreams!”


മീനവിയൽ സൈന്റ്റ്‌ മേരീസിലെ കാന്റീനിൽ.

വട്ടം കൂടിയിരുന്നു ഡബിൾ കോള കുടിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രീ ഡിഗ്രി സംഘം. അപ്പോൾ കാന്റീനിലെക്ക് മന്ദം മന്ദം കടന്നു വരുന്ന ഒരു പാവാടക്കാരി. അതിസുന്ദരി, അതിന്റെ അഹങ്കാരം വേണ്ടുവോളം ഉണ്ട് താനും. അവളെക്കണ്ടതും മറ്റുള്ളവരോട് അവളെ ശ്രദ്ധിക്കാൻ പറയുന്ന ഒരു സംഘാംഗം. എന്താണ് കാര്യം എന്ന് അന്വേഷിക്കുന്ന മറ്റു  സംഘാംഗങ്ങൾ.

"കോളേജ് ബ്യൂട്ടിയാന്നാ അവളുടെ വിചാരം. അഹങ്കാരം കണ്ടില്ലേദിവസവും പതിനഞ്ചു ആരോ വീതം കിട്ടുന്നതിന്റെയാ"

ഡിം.


സഹപാഠികളിൽ നിന്ന് പിരിവെടുത്തും അമ്മാമ്മേടെ മുണ്ടുംപെട്ടീന്ന് മോഷിട്ച്ചും സ്വരൂപിക്കുന്ന നക്കാപ്പിച്ചയും ചേർത്തിട്ടു തികയാത്ത പൈസ പ്രസ്‌കാരനോട് കടം പറഞ്ഞും രാത്രിക്ക് രാത്രി മാറ്റർ ഉണ്ടാക്കി അച്ചടിച്ച്‌  എങ്ങിനെയെങ്കിലും നാല് വോട്ട് കിട്ടാൻ കൂടെയുള്ള കോന്തന്മാർക്ക് വിതരണം ചെയ്യുന്ന ബഹുവർണ നോട്ടീസുകൾ തങ്ങളറിയാതെ ഒരു മിസ്സ്‌ ക്യാമ്പസ്‌ തെരഞ്ഞെടുപ്പിന് കൂടി കാരണമായി ഭവിക്കുന്നുണ്ടെന്ന് പാവം സ്ഥാനാർഥികളുണ്ടോ അറിയുന്നു.

Thursday, July 18, 2013

ഗഫൂർക്കാ ടേയ്സ്റ്റ്!

ഇന്ന് രാവിലെ ഗഫൂർക്കാന്റെ കടയിൽ നിന്നായിരുന്നു ബ്രേക്ക്‌ ഫാസ്റ്റ്
(കോഴിക്കോട് ജോലിക്ക് വന്നപ്പോൾ ആദ്യത്തെ ഒരു വര്ഷം പ്രാതലും
ഉച്ചയൂണും ഗഫൂർക്കാന്റെ ഹോട്ടലിൽ നിന്നായിരുന്നു
പീ ടീ ഉഷ റോഡിൽ താജ് ഗേറ്റ് വേ ഹോട്ടലിന് അടുത്താണ്
നല്ല ഓക്സ്‌ഫോർഡ് ഇംഗ്ലീഷ് പറയുന്ന തലശ്ശേരിക്കാരൻ ഗഫൂർക്കാന്റെ കട
കൂട്ടിനു സകലമാന ചാനലുകാരും -
സീ പീ എം ചാവേറുകളുടെ ഹിറ്റ്‌ ലിസ്റ്റിലെ മാധ്യമ പ്രവർത്തകരിൽ ഒന്നാം സ്ഥാനം
അലങ്കരിക്കുന്ന ഏഷ്യാനെറ്റ്‌ ലേഖകൻ ഒഞ്ചിയം സഖാവ് ഷാജഹാൻ കാളിയത്തും
കൈരളി ലേഖകൻ മെഹ്ജൂബ് സഖാവും ഒരുമിച്ചു പുട്ടടിക്കുന്ന സംഗമസ്ഥാനം -
പിന്നെ തൽവാക്കെർസിലെ ബോഡി ബിൽഡര്മാരും, പിന്നെ കെ ടീ സീ പാർസൽ സർവീസിൽ വരുന്ന
ലോറിക്കാരും, മുടങ്ങാതെ എത്തുന്ന കോർപ്പരേഷൻ ക്ലീനിംഗ് പണിക്കാരും )
ഇന്ന് ചെന്ന് കയറുമ്പോൾ തന്നെ മീൻ പൊരിക്കുന്ന മാസ്മരിക സുഗന്ധം!
ഇടം വലം നോക്കിയില്ല
രാവിലെ തന്നെ രണ്ടു കഷണം പുട്ടും അയല പൊരിച്ചതും തട്ടി വിട്ടു
കൂടെ വന്നവൻ ഓർഡർ ചെയ്ത ബീഫ് ഫ്രയ്യിൽ നിന്നും കയ്യിട്ടു വാരി തിന്നുകയും ചെയ്തു
സമാധാനമായി
ഇന്നത്തെക്കുള്ള കൊളസ്ട്രോൾ ആയല്ലോ!
(അന്നന്നെക്ക് വേണ്ട എല്ലാം നമ്മൾ തന്നെ കഷ്ട്ടപ്പെട്ടു സമ്പാദിചാലല്ലേ
അതിനൊരു വിലയുള്ളൂ...)
ശുഭദിനം!

South Indian Actor Vijayakumar with Gafoorkka
















പരോപകാരം പ്രാഞ്ചി

Tuesday, July 16, 2013

'ഭാഗ് പവൻ ഭാഗ്'

പവൻ മൽഹോത്ര

ഇന്ത്യൻ സിനിമയുടെ മുൻനിര സ്വഭാവ നടന്മാർക്കിടയിൽ 
പലപ്പോഴും വിട്ടു പോകുന്ന ചില പേരുകൾ ഉണ്ട് 
ഓം പുരി, നാസറുദീൻ ഷാ, അനുപം ഖെർ, തുടങ്ങി 
പരേഷ് റാവൽ, ഇർഫാൻ ഖാൻ, മനോജ്‌ ബാജ്പൈ, കെ കെ മേനോൻ, 
അങ്ങിനെ ആഘോഷിക്കപ്പെടുന്ന പേരുകൾക്കിടയിൽ 
പലപ്പോഴും മാധ്യമങ്ങളും പ്രേക്ഷകരും  അറിഞ്ഞോ  അറിയാതെയോ 
വിട്ടു പോകുന്ന ചില പേരുകൾ 
കാലത്തെ അതിജീവിക്കാൻ കരുത്തുള്ള ഒരുപാട് കഥാ പാത്രങ്ങളെ 
വെള്ളിത്തിരയിൽ  അവതരിപ്പിച്ച ഇവർ 
ഓരോ വരവിലും നമ്മെ വീണ്ടും വീണ്ടും അമ്പരപ്പിക്കുന്നു 
ഞങ്ങൾ  അന്നേ ഇവിടെ തന്നെ ഉണ്ട് എന്ന് അവർ നമ്മെ 
ഇടയ്ക്കിടയ്ക്ക് ഓര്മിപ്പിക്കുന്നു 

പവൻ മൽഹോത്ര 
1989 ൽ മികച്ച ചിത്രത്തിനുള്ള ദേശിയ പുരസ്‌കാരം നേടിയ 
ഭാഗ് ബഹാദൂർ എന്ന ചിത്രത്തിലെ നായകൻ 
പുലി വേഷം കെട്ടി ഗ്രാമീണരെ രസിപ്പിച്ചിരുന്ന പുലി കളിക്കാരൻ 
അസ്തിത്വം ചോദ്യം ചെയ്യപ്പെടുമ്പോൾ പുലിയുമായി പൊരുതാൻ ഇറങ്ങുന്നവൻ 
ഇന്ത്യൻ സിനിമ ഒരിക്കലും മറക്കരുതാത്ത കഥാപാത്രങ്ങളിൽ ഒന്ന് 

ദൂര ദർശന്റെ സുവർണ കാലത്ത് ടെലിവിഷനിൽ സജീവ സാന്നിധ്യമായിരുന്ന പവൻ 
 ഹിന്ദി സിനിമയിൽ പല പ്രഗൽഭ സംവിധായകരുടെയും ചിത്രങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന 
ഒരു കാലം ഉണ്ടായിരുന്നു.
അഷിഷ് വിദ്യാർഥി, അശുതോഷ് റാണ, മനോജ്‌ ബാജ്പൈ തുടങ്ങിയവരെ പോലെ 
പവനും സൌത്ത് ഇന്ത്യൻ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിൽ എത്തി ചേർന്ന 
ഒരു കാലവും ഉണ്ടായി  
(തെലുങ്കിൽ 'ഐത്തെ' എന്ന ചിത്രത്തിലെ 'ഇർഫാൻ ഖാൻ' എന്ന വില്ലൻ പവന് 
മികച്ച വില്ലനുള്ള അവാർഡും നേടിക്കൊടുത്തു)   
ഇക്കാലമത്രയും ടെലി വിഷനിലും സിനിമയിലുമായി തന്റെ കഴിവ് തെളിയിച്ചു ഈ നടനെ 
വീണ്ടും മുൻ നിരയിലെതിക്കുന്നത് അനുരാഗ് കശ്യപും (ബ്ലാക്ക്‌ ഫ്രൈഡേ) രാകേഷ് ഓം പ്രകാശ്‌ മെഹ്ര (ദില്ലി 6) എന്നീ പ്രഗല്ഭ സംവിധായകരാണ്
ബ്ലാക്ക്‌ ഫ്രൈഡേ എന്ന ചിത്രത്തിലെ  'ടൈഗർ മെമൻ' എന്ന അധോലോക നായകനും 
ദില്ലി സിക്സിലെ 'വഴക്കാളിയായ' സഹോദരന്മാരിൽ ഒരുവനും ശേഷം 
പവൻ മൽഹോത്ര അവതരിപ്പിച്ച ഏറ്റവും പുതിയ കഥാപാത്രമാണ് 
ഒരു സഹോദര സ്നേഹത്തോടെ മിൽഖാ സിംഗ് എന്ന ഓട്ടക്കാരനെ പരുവപ്പെടുത്തി എടുക്കുന്ന 
'ഗുരു ദേവ് സിംഗ്' എന്ന കോച്ച് 
മിൽഖയുടെ പ്രതിഭ കണ്ടെത്തുന്നതിലും പ്രതിസന്ധികളിൽ താങ്ങായും തണലായും 
മിൽഖയുടെ വളർച്ചയിൽ ഗുരു ദേവ് കൂടെ നില്ക്കുന്നു 
ഒരു അത്ലെറ്റ് എന്ന നിലയിലും വിഭജനത്തിന്റെ വേദനകൾ  
കനലായി ഉള്ളിൽ കൊണ്ട് നടക്കുന്ന ഒരു മനുഷ്യൻ എന്ന നിലയിലും 
ഉള്ള മില്ഖയുടെ വികാരങ്ങളെ ഏറ്റവും അടുത്തറിഞ്ഞ വ്യക്തിയും ഗുരു ദേവ് തന്നെ.  
പട്ടാള ക്യാമ്പിൽ രണ്ടു മുട്ടക്കും ഒരു ഗ്ലാസ്‌ പാലിനും വേണ്ടി ഓടി തുടങ്ങുന്ന 
'മിൽക്കു' എന്ന മിൽഖയെ 'ഫ്ളയിംഗ് സിഖ്' ആക്കി മാറ്റാൻ പരിശ്രമിച്ച പ്രതിഭ 

ഇന്ത്യൻ സിനിമയിൽ ഒരു കഥാപാത്രം ആയി മാറാൻ ഇന്നേ വരെ 
നടത്തപ്പെട്ടിട്ടുള്ള തയ്യാറെടുപ്പുകളിൽ ഏറ്റവും മികച്ചതാണ് 
ഫർഹാൻ അക്തർ മിൽഖ സിംഗ് ആയി മാറാനായി ചെയ്തിരിക്കുന്നത്.  
ശരീരത്തിലും, മനസ്സിലും, നടത്തത്തിലും, നോട്ടത്തിലും, എല്ലാം 
മില്ഖാ സിംഗ് ആയി മാറിയ ഫർഹാന്റെ പ്രകടനം 
ഒരു തരത്തിലും പവൻ മൽഹോത്രയുടെ ഗുരു ദേവിന്റെ  മാറ്റ് കുറയ്ക്കുന്നില്ല.  
മിൽഖയായി ഫർഹാൻ മിന്നൽ വേഗത്തിൽ പായുമ്പോൾ 
ഒപ്പം തന്നെ ഉണ്ട് പവനും! 
'ഭാഗ് പവൻ ഭാഗ്'

പരോപകാരം പ്രാഞ്ചി