![]() |
| പവൻ മൽഹോത്ര |
പലപ്പോഴും വിട്ടു പോകുന്ന ചില പേരുകൾ ഉണ്ട്
ഓം പുരി, നാസറുദീൻ ഷാ, അനുപം ഖെർ, തുടങ്ങി
പരേഷ് റാവൽ, ഇർഫാൻ ഖാൻ, മനോജ് ബാജ്പൈ, കെ കെ മേനോൻ,
അങ്ങിനെ ആഘോഷിക്കപ്പെടുന്ന പേരുകൾക്കിടയിൽ
പലപ്പോഴും മാധ്യമങ്ങളും പ്രേക്ഷകരും അറിഞ്ഞോ അറിയാതെയോ
വിട്ടു പോകുന്ന ചില പേരുകൾ
കാലത്തെ അതിജീവിക്കാൻ കരുത്തുള്ള ഒരുപാട് കഥാ പാത്രങ്ങളെ
വെള്ളിത്തിരയിൽ അവതരിപ്പിച്ച ഇവർ
ഓരോ വരവിലും നമ്മെ വീണ്ടും വീണ്ടും അമ്പരപ്പിക്കുന്നു
ഞങ്ങൾ അന്നേ ഇവിടെ തന്നെ ഉണ്ട് എന്ന് അവർ നമ്മെ
ഇടയ്ക്കിടയ്ക്ക് ഓര്മിപ്പിക്കുന്നു
പവൻ മൽഹോത്ര
1989 ൽ മികച്ച ചിത്രത്തിനുള്ള ദേശിയ പുരസ്‌കാരം നേടിയ
ഭാഗ് ബഹാദൂർ എന്ന ചിത്രത്തിലെ നായകൻ
പുലി വേഷം കെട്ടി ഗ്രാമീണരെ രസിപ്പിച്ചിരുന്ന പുലി കളിക്കാരൻ
അസ്തിത്വം ചോദ്യം ചെയ്യപ്പെടുമ്പോൾ പുലിയുമായി പൊരുതാൻ ഇറങ്ങുന്നവൻ
ഇന്ത്യൻ സിനിമ ഒരിക്കലും മറക്കരുതാത്ത കഥാപാത്രങ്ങളിൽ ഒന്ന്
ദൂര ദർശന്റെ സുവർണ കാലത്ത് ടെലിവിഷനിൽ സജീവ സാന്നിധ്യമായിരുന്ന പവൻ
ഹിന്ദി സിനിമയിൽ പല പ്രഗൽഭ സംവിധായകരുടെയും ചിത്രങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന
ഒരു കാലം ഉണ്ടായിരുന്നു.
അഷിഷ് വിദ്യാർഥി, അശുതോഷ് റാണ, മനോജ് ബാജ്പൈ തുടങ്ങിയവരെ പോലെ
പവനും സൌത്ത് ഇന്ത്യൻ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിൽ എത്തി ചേർന്ന
ഒരു കാലവും ഉണ്ടായി
(തെലുങ്കിൽ 'ഐത്തെ' എന്ന ചിത്രത്തിലെ 'ഇർഫാൻ ഖാൻ' എന്ന വില്ലൻ പവന്
മികച്ച വില്ലനുള്ള അവാർഡും നേടിക്കൊടുത്തു)
ഇക്കാലമത്രയും ടെലി വിഷനിലും സിനിമയിലുമായി തന്റെ കഴിവ് തെളിയിച്ചു ഈ നടനെ
വീണ്ടും മുൻ നിരയിലെതിക്കുന്നത് അനുരാഗ് കശ്യപും (ബ്ലാക്ക് ഫ്രൈഡേ) രാകേഷ് ഓം പ്രകാശ് മെഹ്ര (ദില്ലി 6) എന്നീ പ്രഗല്ഭ സംവിധായകരാണ്
ബ്ലാക്ക് ഫ്രൈഡേ എന്ന ചിത്രത്തിലെ 'ടൈഗർ മെമൻ' എന്ന അധോലോക നായകനും
ദില്ലി സിക്സിലെ 'വഴക്കാളിയായ' സഹോദരന്മാരിൽ ഒരുവനും ശേഷം
പവൻ മൽഹോത്ര അവതരിപ്പിച്ച ഏറ്റവും പുതിയ കഥാപാത്രമാണ്
ഒരു സഹോദര സ്നേഹത്തോടെ മിൽഖാ സിംഗ് എന്ന ഓട്ടക്കാരനെ പരുവപ്പെടുത്തി എടുക്കുന്ന
'ഗുരു ദേവ് സിംഗ്' എന്ന കോച്ച്
മിൽഖയുടെ പ്രതിഭ കണ്ടെത്തുന്നതിലും പ്രതിസന്ധികളിൽ താങ്ങായും തണലായും
മിൽഖയുടെ വളർച്ചയിൽ ഗുരു ദേവ് കൂടെ നില്ക്കുന്നു
ഒരു അത്ലെറ്റ് എന്ന നിലയിലും വിഭജനത്തിന്റെ വേദനകൾ
കനലായി ഉള്ളിൽ കൊണ്ട് നടക്കുന്ന ഒരു മനുഷ്യൻ എന്ന നിലയിലും
ഉള്ള മില്ഖയുടെ വികാരങ്ങളെ ഏറ്റവും അടുത്തറിഞ്ഞ വ്യക്തിയും ഗുരു ദേവ് തന്നെ.
പട്ടാള ക്യാമ്പിൽ രണ്ടു മുട്ടക്കും ഒരു ഗ്ലാസ് പാലിനും വേണ്ടി ഓടി തുടങ്ങുന്ന
'മിൽക്കു' എന്ന മിൽഖയെ 'ഫ്ളയിംഗ് സിഖ്' ആക്കി മാറ്റാൻ പരിശ്രമിച്ച പ്രതിഭ
ഇന്ത്യൻ സിനിമയിൽ ഒരു കഥാപാത്രം ആയി മാറാൻ ഇന്നേ വരെ
നടത്തപ്പെട്ടിട്ടുള്ള തയ്യാറെടുപ്പുകളിൽ ഏറ്റവും മികച്ചതാണ്
ഫർഹാൻ അക്തർ മിൽഖ സിംഗ് ആയി മാറാനായി ചെയ്തിരിക്കുന്നത്.
ശരീരത്തിലും, മനസ്സിലും, നടത്തത്തിലും, നോട്ടത്തിലും, എല്ലാം
മില്ഖാ സിംഗ് ആയി മാറിയ ഫർഹാന്റെ പ്രകടനം
ഒരു തരത്തിലും പവൻ മൽഹോത്രയുടെ ഗുരു ദേവിന്റെ മാറ്റ് കുറയ്ക്കുന്നില്ല.
മിൽഖയായി ഫർഹാൻ മിന്നൽ വേഗത്തിൽ പായുമ്പോൾ
ഒപ്പം തന്നെ ഉണ്ട് പവനും!
'ഭാഗ് പവൻ ഭാഗ്'
പരോപകാരം പ്രാഞ്ചി

No comments:
Post a Comment