Tuesday, June 14, 2016

മന്ത്രിക്കും വിളിക്കാം എം എൽ എക്കും വിളിക്കാം, ഏതു പോലീസുകാരനും വിളിക്കാം!

മലയാളത്തിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രങ്ങളിൽ ഒന്നാണ് ശ്രീനിവാസന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം.റിലീസ് ചെയ്തു വർഷങ്ങൾക്കു ശേഷവും ആ ചിത്രത്തിലെ ഓരോ സീനും കേരള രാഷ്ട്രീയത്തിൽ ഇപ്പോഴും എപ്പോഴും (എല്ലായപ്പോഴും) അരങ്ങേറുന്ന സംഭവങ്ങളുമായി ചേർത്തു വെക്കാൻ കഴിയുന്നു എന്ന വസ്തുത തന്നെയാണ് കെ ജി ജോർജിന്റെ പഞ്ചവടിപ്പാലം പോലെത്തന്നെ സന്ദേശത്തെയും നമ്മുടെ പ്രിയപ്പെട്ട പൊളിറ്റിക്കൽ സറ്റയർ ചിത്രമാക്കി നിറുത്തുന്നത്. കാസ്റ്റിംഗിലെ കൃത്യത കൊണ്ടും മലയാളിയെ അത്ഭുതപ്പെടുത്തിയ ചിത്രമാണ് സന്ദേശം. ശ്രീനിവാസന്റെ ആശയങ്ങളിൽ അഭിരമിച്ചു പോയ കമ്മ്യൂണിസ്റ്റുകാരനും ജയറാമിന്റെ അമിതാവേശവും കൌശലവും കൈമുതലാക്കിയ കോൺഗ്രസ്സുകാരനും ശങ്കരാടിയുടെ സൈദ്ധാന്തികനും മാമുക്കോയയുടെ പത്തിയുണ്ടെന്നു സ്വയം ധരിച്ചു വശായ ഞാഞ്ഞൂൽ നേതാവും ഇന്നസെന്റിന്റെ മലയാളികളെല്ലാം മണ്ടന്മാരാണെന്നു കരുതുന്ന ഉത്തരേന്ത്യൻ നേതാവും ജോലിയിൽ നൂറു ശതമാനം ആത്മാർഥത പുലർത്തുന്ന സിദിഖിന്റെ ഉദയഭാനു എന്ന കൃഷി ഓഫീസറുമെല്ലാം ആ നടന്മാര്‍ ഇന്നോളം അവതരിപ്പിച്ചിട്ടുള്ള മികച്ച കഥാപാത്രങ്ങളുടെ മുൻനിരയിൽ തന്നെ സ്ഥാനം പിടിക്കുന്നു.

ഈ കഥാപാത്രങ്ങളോളം പരാമർശിക്കപ്പെട്ടിട്ടില്ലെങ്കിലും അഞ്ചു വർഷം മാറി മാറി ഇടതും വലതും മുന്നണികൾ ഭരിക്കുമ്പോൾ നെട്ടോട്ടമോടുന്ന സർക്കാർ ജീവനക്കാരുടെ പ്രതിനിധിയായി മാറുന്നു സിനിമയിൽ മാള അരവിന്ദൻ അവതരിപ്പിക്കുന്ന പോലീസുകാരൻ. മാറി മാറി ഭരിക്കുന്ന സർക്കാറുകൾ തല്ലാൻ പറയുമ്പോൾ ആവേശത്തോടെ തല്ലിയും വെറുതെ വിടാൻ പറയുമ്പോൾ സന്തോഷത്തോടെ അനുസരിച്ചും സർവീസ് കാലം കഴിച്ചു കൂട്ടുന്ന ഇവരെക്കാത്തിരിക്കുന്നത് ഭരണം മാറി വരുമ്പോൾ അധികാരത്തിന്റെ ഹുങ്ക് കാട്ടുന്ന മന്ത്രിമാർ തൊട്ടു ലോക്കൽ നേതാക്കന്മാർ വരെയുള്ളവരുടെ ഭീഷണിയും തെറി വിളികളുമാണ്. നമുക്കതിനെ വേണമെങ്കിൽ 'കൃത്യവിലോപത്തിനുള്ള ശാസന' എന്ന് ഓമനപ്പേരിട്ടു വിളിക്കാം. പക്ഷെ ഈ പച്ചയായ ശാസന കേൾക്കേണ്ടി വരുന്നതും പെട്ടിയും കുട്ടിയുമായി പാറശാല തൊട്ടു കാസർ ഗോഡ് വരെ നെട്ടോട്ടമോടുന്നതും ഏതെങ്കിലും പാവം എസ് ഐയോ സാദാ കോൺസ്റ്റബിളോ ആയിരിക്കും. ഭരണം മാറിയാലും പിടിച്ചു നിൽക്കാൻ അറിയുന്നവരെ ശാസിക്കാനോ സ്ഥലംമാറ്റാനോ ഒരു രാഷ്ട്രീയനേതാവും മുതിരില്ല, അല്ലെങ്കിൽ അങ്ങിനെ ഒരവസരം മിടുക്കൻമാരായ പോലീസുകാർ ഉണ്ടാക്കില്ല എന്നർത്ഥം.

അല്ലാത്തവർ മന്ത്രിയുടെയും എം എൽ എ യുടെയും 'ശാസന' കേട്ട് തലകുനിച്ചു നിൽക്കും. ഉള്ളിൽ തന്തക്കു വിളിക്കുന്നുണ്ടാകുമെങ്കിലും പാവം പോലീസുകാരന് നേതാവിനോട് തിരിച്ചു ഡയലോഗ് അടിക്കാൻ ഇത് രൺജിപണിക്കർ-ഷാജി കൈലാസ് ചിത്രമൊന്നുമല്ലല്ലൊ. അത് കൊണ്ട് അവൻ അവിടെ മിണ്ടാതെ നിൽക്കും. പക്ഷെ അവനു തന്തക്കു വിളിക്കാൻ കിട്ടുന്ന സുവർണാസരങ്ങളിൽ അവൻ കേട്ടത് പതിന്മടങ്ങായി തിരിച്ചു വിളിച്ചു ക്ഷീണം തീർക്കും. അതൊരിക്കലും മന്ത്രിയോടോ എം എൽ എ യോടോ ആയിരിക്കില്ല, അതിനു ഭാഗ്യം ലഭിക്കുക ഹെൽമെറ്റ് വെക്കാതെയോ സീറ്റ്‌ ബെൽറ്റ്‌ ഇടാതെയോ പോകുന്ന ഏതെങ്കിലും പാവത്തിനായിരിക്കും.

അല്ലെങ്കിലും ജനാധിപത്യത്തിന്റെ ഗുണം കിട്ടേണ്ടത് ജനത്തിന് തന്നെയാണല്ലോ.


സുലാൻ.

No comments:

Post a Comment