പുലിക്കളിയിയിലും ദേശക്കുമ്മാട്ടിയിലും കെങ്കേമന്മാരാണ്
ഞങ്ങൾ കുട്ടൻകുളങ്ങരക്കാർ
അത് കൊണ്ട് തന്നെ ശോഭായാത്രയും ഞങ്ങൾ മോശമാക്കാറില്ല
ശോഭാ യാത്രയിൽ കുട്ടി കൃഷ്ണന്മാരും കുട്ടി ഗോപികമാരും ആണ് താരങ്ങൾ.
ഇവരെക്കൂടാതെ മറ്റൊരാളു കൂടിയുണ്ട്.
കൃഷ്ണന്റെ ആത്മാർത്ഥ സുഹൃത്ത് കുചേലൻ.
മിക്കവാറും ഒരു ടീമിൽ ഒരു കുചേലനേ കാണൂ.
എല്ലാവരും കൃഷ്ണനാകാൻ കൊതിക്കുന്ന കാലത്തു
ആർക്കാണ് കുചേലൻ ആകാൻ താല്പര്യം?
ഒറിജിനൽ കൃഷ്ണൻ കാർവർണൻ ആണെങ്കിലും ശോഭാ യാത്രയിലെ കൃഷ്ണന്മാർ
വെളുത്തു തുടുത്തു സുന്ദരക്കുട്ടപ്പന്മാർ ആയിരിക്കും.
കുചേലനാകാൻ നറുക്ക് വീഴുന്നത് കൂട്ടത്തിൽ
ഗ്ലാമർ ഇല്ലാത്ത ഏതെങ്കിലും എലുമ്പനായിരിക്കും.
മുടിയൊക്കെ വളർത്തി ഫ്രീക്കൻ ആണ് കൃഷ്ണൻ എങ്കിൽ തല മൊട്ടയടിച്ചു പുറകിൽ ചെറിയൊരു കുടമയും വെച്ച് നടക്കുന്ന കട്ട ഫ്രീക്കനാണ് കുചേലൻ.
പക്ഷെ ശോഭായാത്രയിലെ കുട്ടി കുചേലന്മാർക്ക് തല മൊട്ടയടിക്കുന്നത് സങ്കൽപ്പിക്കാൻ പോലും പറ്റില്ല.
കാരണം ശ്രീകൃഷ്ണജയന്തി അവധി കഴിഞ്ഞു
മൊട്ടത്തലയുമായി എങ്ങിനെ സ്കൂളിൽ പോകും.
അങ്ങിനെ കുചേല വേഷം കുട്ടികൾ നിഷ്കരുണം നിരസിച്ചു തുടങ്ങിയപ്പോൾ ആണെന്ന് തോന്നുന്നു ഏതോ മേക്ക് അപ് വിദ്വാൻ
പപ്പടത്തിന്റെ അനന്ത സാദ്ധ്യതകൾ തിരിച്ചറിഞ്ഞത്.
അങ്ങിനെയാണ് മുടി പതിച്ചു ചീകി വച്ച്
അതിനു മുകളിൽ പപ്പടം ഒട്ടിച്ചു മിനുക്കിയ തലയുമായി
കൃഷ്ണനാകാൻ കഴിയാത്തതിന്റെ ഇച്ഛാഭാംഗവുമായി
കുചേലന്മാർ ശോഭായാത്രക്കിറങ്ങിയത്.
ഇതിനൊരപവാദമായിരുന്നു എന്റെ ക്ലാസ്സിൽ പഠിച്ചിരുന്ന സജി
അവനാണ് ആ വർഷത്തെ ശോഭായാത്രയിലെ കുചേലൻ എന്ന് ഞങ്ങൾ അഞ്ചാംക്ലാസ്സുകാരുടെ മുന്നിൽ പ്രഖ്യാപിക്കാൻ അവനു അഭിമാനമായിരുന്നു
പപ്പടം ഒട്ടിച്ചു മൊട്ടത്തലയനായി വരുന്ന കുചേലൻ അല്ല തന്റേതു എന്നും തല ഒറിജിനലായി മൊട്ടയടിച്ചു പിന്നിൽ കുടുമയും വച്ചായിരിക്കും തന്റെ കുചേലൻ ഇക്കുറി ശോഭായാത്രക്ക് ഇറങ്ങുക എന്ന അവന്റെ പ്രഖ്യാപനം ഞങ്ങൾ സഹപാഠികളെ ശരിക്കും ഞെട്ടിച്ചു.
മോമോദീസാ പേര് ജോസപ്പെന്നാണെങ്കിലും
സ്വഭാവം കൊണ്ട് സംശയാലുവായ തോമാസായിരുന്ന ഞാൻ അത് വിശ്വസിക്കാൻ കൂട്ടാക്കിയില്ല.
പപ്പടമൊട്ടിക്കാത്ത കുചേലനോ?
ഹേയ് വഴിയില്ല
ബെറ്റുണ്ടോ? എന്നായി കുചേലൻ.
ശരി എന്ന് ഞാനും.
കുചേലനു വേണ്ടി മൊട്ടയാക്കുന്ന തലയുമായി ശോഭായാത്രപ്പിറ്റേന്ന് സ്കൂളിൽ വന്നാൽ ദേവസ്സിയേട്ടന്റെ കടയിൽ നിന്നും കപ്പലണ്ടി മിട്ടായിയും ഗോലി സോഡയും. അതാണ് ബെറ്റ്
അപ്പന്റെയും അമ്മയുടെയും കൂടെ ഞങ്ങൾ മൂന്നു മക്കളും ശോഭാ യാത്ര കാണാൻ പോയി.
പുലിക്കളിയും ശ്രീനാരായണഗുരു ജയന്തി ഘോഷയാത്രയും പോലെ ശോഭായാത്രയും ഞങ്ങളുടെ ഫാമിലി ഔട്ടിംഗ് ഷെഡ്യൂളിൽ
സ്ഥിരമായി കയറിക്കൂടിയ ഒന്നാണ്.
അമ്പാടിയിലോ പത്തൻസിലോ അരുൾ ജ്യോതിയിലോ കയറി കുടുംബ സമേതം മസാല ദോശ തിന്നുക എന്ന ആർഭാടവും ഇതേ യാത്രകളുടെ ഭാഗമായിരുന്നു.
സ്വന്തം ദേശക്കാരുടെ സംഘത്തേക്കാണുന്നത്
ശോഭായാത്ര കാണാൻ എത്തുന്ന ഓരോരുത്തർക്കും സന്തോഷമുള്ള കാര്യമാണ്
ഓവർസിയർ ഗോപിയേട്ടന്റെ മോന്റെ മോനാ ആ മുന്നിൽ പോകുന്ന കൃഷ്ണനെന്നും
കോലുമിട്ടായി തിന്നു നടന്നു നീങ്ങുന്ന രാധ അപ്പുറത്തെ വാസന്തി ചേച്ചിയുടെ മോളുടെ മോളാണെന്നുമൊക്കെ ഗമ പറഞ്ഞു അതങ്ങ് ആഘോഷമാക്കും നാട്ടുകാർ.
പക്ഷെ ഇത്തവണ സ്വന്തം നാട്ടിലെ ടീം കടന്നു വന്നതോടെ കാറ്റു പോയ ബലൂണിന്റെ അവസ്ഥയായി എന്റേത്.
സജി മൊട്ടയടിച്ചിരിക്കുന്നു.പോരാത്തതിന് കുടുമയുമുണ്ട്.
കപ്പലണ്ടി മിട്ടായിയും ഗോലി സോഡയും ഖുദാ ഗവാ...
തോറ്റില്ലെ ബെറ്റ്.
പിറ്റേന്ന് സ്കൂളിൽ ചെന്നാൽ പണി പാളും എന്നുറപ്പാണ്
കക്ഷത്ത് ഉള്ളി വെച്ച് കിടന്നാൽ പനി വരുമെന്ന നാട്ടറിവു പയറ്റി നോക്കിയെങ്കിലും പരാജയമായിരുന്നു ഫലം.മടിച്ചു മടിച്ചു സ്കൂളിലെത്തി.
മൊട്ടത്തലയുമായി എന്നെക്കാത്ത് പുഞ്ചിരിച്ചു നിൽക്കുകയാണ് സജി കുചേലൻ.
'എന്നാ പോകാം ദേവസ്സ്യേട്ടന്റെ കടയിലേക്ക്' എന്ന് പറയാതെ പറയുന്ന വിജയപുഞ്ചിരി
മൊട്ടത്തല സജിക്കാണെങ്കിലും തോറ്റു തൊപ്പിയിട്ടത് ഞാൻ.
അങ്ങിനെ ബെറ്റ് നിറവേറ്റാൻ ദേവസ്സ്യേട്ടന്റെ കടയിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ആണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്.
കുചേലന്റെ കുടുമ കാണാനില്ല!
പരാജയത്തിന്റെ പടുകുഴിയിലേക്ക് മുങ്ങി താഴുമ്പോൾ
പിടിച്ചു തൂങ്ങാൻ ഒരു കുടുമ കിട്ടിയതോടെ ഞാൻ ഭാവം മാറ്റി.കുചേലന് വേണ്ടി മൊട്ടയടിക്കുന്ന അതേ രൂപത്തിൽ
സ്കൂളിലെത്തണം എന്നതായിരുന്നു ബെറ്റിലെ നിബന്ധന എന്നായി ഞാൻ. കുടുമയില്ലെങ്കിൽ കപ്പലണ്ടിമിട്ടായിയുമില്ല ഗോലി സോഡയുമില്ല.
മൊട്ടയടിച്ച തലയുമായി വരണം എന്നു മാത്രമാണ് കണ്ടീഷൻ എന്ന് സജി.
കുടുമ വേണമെന്ന് ഞാനും.
അവസാനം എന്റെ നസ്രാണി നാക്കിനു മുൻപിൽ അവൻ തോറ്റു. എന്റെ കുരുട്ട് ബുദ്ധി വിജയം നേടി.
അതിൽ പിന്നെ സജി കുചേല വേഷം കിട്ടിയിട്ടുണ്ടോ എന്നെനിക്കറിയില്ല
പക്ഷെ തലയിൽ പപ്പടമൊട്ടിച്ച കുട്ടികുചേലന്മാരെ ഇപ്പോഴും കാണാറുണ്ട്
കൃഷ്ണനാകാനുള്ള വെളുപ്പും തുടുപ്പും ഇല്ലാത്തതുകൊണ്ട് മാത്രം കുചേല വേഷം കെട്ടാൻ വിധിക്കപ്പെട്ടവരുടേതു കൂടിയാണ് ശ്രീകൃഷ്ണ ജയന്തി.
ശ്രീകൃഷ്ണന് മറ്റാരേക്കാളും വലുതായിരുന്നല്ലോ കുചേലൻ എന്ന കൂട്ടുകാരൻ

No comments:
Post a Comment